റിയാദ്: ‘യുറേഷ്യൻ ഗ്രിഫൺ’ കഴുകന്മാരുടെ മൂന്ന് പ്രജനന സ്ഥലങ്ങൾ സൗദിയിൽ കണ്ടെത്തി. ‘ലോക കഴുകൻ ബോധവത്കരണദിന’ത്തോടനുബന്ധിച്ച് അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് ഡവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിഡിൽ ഈസ്റ്റിലെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണിത്. ഈയിനം കഴുകന്മാരെ സംരക്ഷിക്കൽ വലിയ വെല്ലുവിളികൾ നേരിടുന്നതാണ്.
എന്നാൽ, ആവാസ വ്യവസ്ഥകളുടെ നിലനിൽപിന് ഈ കഴുകന്മാരുടെ പങ്ക് വളരെ നിർണായകമാണ്. ഇവ ചത്ത ജീവികളെ ഭക്ഷിക്കുന്നത് കാരണം രോഗങ്ങളുടെ വ്യാപനം തടയുന്നു. അതിലൂടെ ആവാസവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നതിന് ഇവയ്ക്ക് ഗണ്യമായ സംഭാവന നൽകാൻ കഴിയുന്നുണ്ട്.
ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ഒരു ഫീൽഡ് പഠനത്തിനിടയിലാണ് ഗ്രിഫൺ കഴുകന്മാരുടെ സജീവമായ നാല് കൂടുകളുടെ സാന്നിധ്യം സൗദിയിലെ പരിമിതമായ പ്രജനന മേഖലകളിൽ കണ്ടെത്തിയതെന്ന് റിസർവ് ഡെവലപ്മെന്റ് അതോറിറ്റി സി.ഇ.ഒ ആൻഡ്രൂ സലൂമിസ് പറഞ്ഞു.
ഇൻകുബേഷൻ പ്രക്രിയയുടെ തുടർച്ചയും കുഞ്ഞുങ്ങളുടെ വളർച്ചയും ഉറപ്പാക്കാൻ ഈ കൂടുകൾ നിലവിൽ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാണ്. ഗ്രിഫൺ കഴുകന്മാരുടെ കോളനികൾ റിസർവിന്റെ സ്വാഭാവിക പരിതസ്ഥിതിയിൽ ശ്രദ്ധേയമായ പുരോഗതി പ്രകടമാക്കുന്നുവെന്നും സി.ഇ.ഒ പറഞ്ഞു. ഇത് അതിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നു.
ഈ കോളനികൾ വന്യജീവികളുടെ ഇൻകുബേറ്ററെന്ന നിലയിൽ റിസർവിന്റെ പ്രാധാന്യവും രാജ്യത്തിന്റെ സ്വാഭാവിക പൈതൃകം സംരക്ഷിക്കുന്നതിൽ അതിന്റെ പ്രധാന പങ്കും സ്ഥിരീകരിക്കുന്നു. അതോറിറ്റി അടുത്തിടെ ആരംഭിച്ച സംയോജിത വികസന പദ്ധതി പ്രകാരം കഴുകൻ ബ്രീഡിങ് കോളനികൾ ഉയർന്ന തലത്തിലുള്ള സംരക്ഷണത്തിന് വിധേയമാണെന്നും സി.ഇ.ഒ പറഞ്ഞു.
24,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് റിസർവ്. അൽ ഹറാത്തിലെ ലാവ സമതലങ്ങൾ മുതൽ ചെങ്കടലിന്റെ ആഴം വരെ നീണ്ടുകിടക്കുന്ന റിസർവ് അസാധാരണമായ ജൈവ വൈവിധ്യ സമ്പന്നതയാൽ സവിശേഷമാണ്. ഇതിൽ 15 വ്യത്യസ്ത ആവാസവ്യവസ്ഥകൾ ഉൾപ്പെടുന്നു. സൗദിയിൽ കാണപ്പെടുന്ന പകുതിയിലധികം ജീവിവർഗങ്ങൾക്കും ഈ ആവാസവ്യവസ്ഥ സംരക്ഷണം നൽകുന്നു.
ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും സമ്പന്നമായ കരുതൽ ശേഖരങ്ങളിലൊന്നാണ് ഈ സംരക്ഷിത പ്രദേശം. ഇവിടത്തെ പർവതനിരകളിലുടനീളം നിരവധി ഗ്രിഫൺ കഴുകന്മാരുടെ സാന്നിധ്യം മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥിരമായ ബ്രീഡിങ് കോളനികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
ജബൽ ഖരാഖിറിന്റെ വശത്തുള്ള മണൽക്കല്ല് പർവതങ്ങളിൽ മൂന്ന് വ്യത്യസ്ത കോളനികൾക്കിടയിൽ നാല് സജീവ കൂടുകൾ ഉള്ളതായി നിരീക്ഷിച്ച് കണ്ടെത്തി. പ്രായപൂർത്തിയായ പക്ഷികൾ മുട്ടയും രണ്ടോ മൂന്നോ മാസം പ്രായമുള്ള കുഞ്ഞുങ്ങളെ ഇൻകുബേറ്റ് ചെയ്യുന്നതും മനസ്സിലാക്കി. കൂടാതെ മറ്റ് 37 കേന്ദ്രങ്ങളെ കൂടുണ്ടാക്കാൻ സാധ്യതയുള്ള സ്ഥലങ്ങളായി തിരിച്ചറിഞ്ഞുവെന്നും സി.ഇ.ഒ പറഞ്ഞു.
നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെന്റുമായുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായി 2023ലാണ് രണ്ട് ഗ്രിഫൺ കഴുകന്മാരെ കണ്ടെത്തി റിസർവിനുള്ളിൽ വിട്ടയച്ചത്. ജൈവവൈവിധ്യം വർധിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്.
ചെന്നായകളുടെയും കഴുതപ്പുലികളുടെയും ഇരയാകുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന ഈ കഴുകന്മാർ ആവാസവ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വേട്ട മൃഗങ്ങളുടെ കുറവും കഴുകന്മാർക്ക് വിഷബാധയേൽക്കുന്ന വ്യാപകമായ പ്രതിഭാസവും കാരണം പ്രജനനശേഷിയുള്ള മുതിർന്ന കഴുകന്മാരുടെ എണ്ണത്തിൽ കുത്തനെ ഇടിവുണ്ടാക്കി. ഈ പ്രതിഭാസം ഇരപിടിയൻ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറച്ചു.
ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും പരിസ്ഥിതി വ്യവസ്ഥകളുടെ ആരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്തു. റിസർവിലെ വന്യജീവികളെ പുനരധിവസിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള സംരംഭം കഴുകന്മാർക്ക് അനുയോജ്യമായ ഇരകളെ പുനരധിവസിപ്പിക്കുന്നതിലൂടെ അവർക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യാനാണ്.
സമീപകാലത്ത് കണ്ടെത്തിയ കൂടുകളുടെ തുടർച്ച ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിലും പൊതുസമൂഹത്തിലും പരിപാടികൾ ആവിഷ്കരിച്ച് പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.