യാംബു: രാജ്യത്തെ ചാരിറ്റബിൾ അസോസിയേഷനുകളിലൊന്നിലെ ഫണ്ട് ദുരുപയോഗം ചെയ്ത് വിശ്വാസ വഞ്ചന ചെയ്തതിന് നാല് സ്വദേശി പൗരന്മാരെ അറസ്റ്റ് ചെയ്തതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
നാല് പ്രതികളും ചാരിറ്റി നടത്തിപ്പിൽ തങ്ങളെ ഏൽപിച്ച വിശ്വാസത്തെ വഞ്ചിക്കുകയും ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞതായും അധികൃതർ അറിയിച്ചു. പ്രതികൾ ഒരു അവകാശവുമില്ലാതെ അസോസിയേഷൻ പ്രവർത്തകർക്കും മറ്റുള്ളവർക്കും നിയമവിരുദ്ധമായി ഫണ്ട് ഉപയോഗപ്പെടുത്തി സബ്സിഡി വിതരണം ചെയ്തെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അസോസിയേഷൻ നടപടികളും ചട്ടങ്ങളും ലംഘിച്ച് സാമ്പത്തിക ബാധ്യത വരുത്തിയതായും പ്രോസിക്യൂഷൻ കണ്ടെത്തി. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ ലംഘനം എന്നീ കുറ്റങ്ങൾക്ക് പ്രതികളെ നിയമാനുസൃത ശിക്ഷാനടപടി പൂർത്തിയാക്കാൻ കോടതിക്ക് വിട്ടു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റബിൾ അസോസിയേഷനുകളെയും അവയുടെ വിഭവങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിബദ്ധത അത് കൈകാര്യം ചെയ്യുന്നവർക്കുണ്ടാകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെയും ദേശീയ സമ്പദ് വ്യവസ്ഥയെയും ഇകഴ്ത്താൻ ശ്രമിക്കുന്ന രീതിയിലുള്ള ഏത് പ്രവർത്തനങ്ങളും ശിക്ഷാർഹമാണെന്നും കഠിനശിക്ഷകൾ നൽകുന്നതിൽ ഒരു വിട്ടുവീഴ്ചയും ആർക്കും ചെയ്യില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
സാമ്പത്തിക രംഗത്തെ ചൂഷണവും വിശ്വാസ വഞ്ചനയും ഗുരുതര കുറ്റമായി കാണണമെന്നും ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.