റിയാദ്: സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് (എഫ്.ഐ.ഐ) കീഴിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് സമ്മേളനം ചൊവ്വാഴ്ച തുടങ്ങും. വ്യാഴാഴ്ച വരെ റിയാദ് റിറ്റ്സ് കാൾട്ടൺ ഹോട്ടലിലാണ് സൗദിയുടെ തന്ത്രപ്രധാന ഭാവിനിക്ഷേപ സംരംഭകത്വ സമ്മേളനം നടക്കുന്നത്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ മേൽനോട്ടത്തിലുള്ള ഈ പരിപാടിയിൽ ഇത്തവണ വിവിധ രാജ്യങ്ങളുടെ മന്ത്രിമാരും സി.ഇ.ഒമാരും ഉൾപ്പെടെ ആറായിരത്തോളം പേർ പങ്കെടുക്കും.
‘പുതിയ ചക്രവാളം’ ശീർഷകത്തിൽ ലോകത്തിലെ വിവിധ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ച നടക്കും. ഇന്ത്യൻ നിക്ഷേപകരും ഇതിലുണ്ടാകും. സൗദിയുടെതന്നെ ഗതിമാറ്റിയ നിയോം ഉൾപ്പെടെ വൻകിട പദ്ധതികളിലേക്കുള്ള പുതിയ കരാറുകളടക്കം പിറന്നത് എഫ്.ഐ.ഐ വഴിയായിരുന്നു.
ആഗോള നിക്ഷേപ കരാറുകളും സഹായപ്രഖ്യാപനങ്ങളും ചർച്ചകളും സംഗമിക്കുന്ന വേദിയിൽ ഇത്തവണയും പ്രവാസികളുടെ അഭിമാനമാകാൻ മീഡിയവൺ ചാനലുമുണ്ടാകും. മാധ്യമപങ്കാളിയായാണ് മീഡിയവൺ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷവും മീഡിയവൺ മാധ്യമപങ്കാളിയായിരുന്നു. ഇത്തവണത്തെ പങ്കാളിത്തത്തിനുള്ള കരാർ നേരത്തേ ഒപ്പുവെച്ചിരുന്നു.
മധ്യപൗരസ്ത്യ മേഖലയിൽ വേരുള്ള മീഡിയവണിന്റെ ജനകീയതയാണ് തുടർച്ചയായി രണ്ടാം തവണയും മാധ്യമ പങ്കാളിയായി മീഡിയവണിനെ തെരഞ്ഞെടുക്കാൻ കാരണമെന്ന് സി.ഇ.ഒ റോഷൻ കക്കാട്ട് പറഞ്ഞു. ഇതിന്റെ ഭാഗമായി എഫ്.ഐ.ഐയുടെ വിവിധ സെഷനുകളിൽ മീഡിയവൺ നേരിട്ട് പങ്കാളിയാകും. റിറ്റ്സ് കാൾട്ടണിലെ വേദിയിൽ മീഡിയവണിനായി പ്രത്യേക പവിലിയൻ എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കും. സി.ഇ.ഒ, മുതിർന്ന വാർത്താവതാരകർ എന്നിവരടക്കമുള്ള സംഘം ഇതിനായി സൗദിയിലെത്തുമെന്ന് മീഡിയവൺ മിഡിലീസ്റ്റ് ഡയറക്ടർ സലീം അമ്പലൻ പറഞ്ഞു.
മുൻ വർഷത്തേതിൽനിന്നു ഭിന്നമായി ഇത്തവണ സമ്മേളനത്തിൽ പങ്കെടുക്കാൻ 10 ലക്ഷത്തിലേറെ രൂപയാണ് ഒരാൾക്കുള്ള പ്രവേശന ഫീസ്. 2017ൽ തുടങ്ങിയതാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനീഷ്യേറ്റിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.