ജി.സി.സി ഉച്ചകോടി; ഗൾഫിന് ഇത് പുതിയ തുടക്കം: പ്രതികരിച്ചും ആത്മഹർഷം പ്രകടിപ്പിച്ചും അറബ് നേതാക്കൾ

ജിദ്ദ: അൽ ഉലയിൽ ചരിത്രപരമായ ഗൾഫ് ഉച്ചകോടി വിജയകരമായി പൂർത്തിയാക്കിയതിന് സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും ജി.സി.സി അംഗ രാജ്യങ്ങളിലെ ഭരണാധികാരികളെയും ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഹജ്‌റഫ് അഭിനന്ദിച്ചു. ഉച്ചകോടി തീരുമാനങ്ങൾ കൗൺസിലിന് ഒരു പുതിയ ഊർജ്ജം നൽകിയതായി അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗൾഫ് നാടുകൾ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഭാവി കെട്ടിപ്പടുക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള ഐക്യം, അനുരഞ്ജനം, സഹകരണം, യോജിപ്പ് എന്നിവ ഊട്ടിഉറപ്പിക്കുന്നതിനും ഉച്ചകോടി സഹായകരമായതായി അദ്ദേഹം വിലയിരുത്തി. അറബ് ദേശീയ സുരക്ഷ വർദ്ധിപ്പിക്കുന്നതിലും പിന്തുണക്കുന്നതിലും ജി.സി.സി രാജ്യങ്ങളുടെയും ഈജിപ്തിന്റെയും സംയുക്ത പ്രഖ്യാപനം സഹായകരമായതായി അൽ ഹജ്‌റഫ് അഭിപ്രായപ്പെട്ടു. സാമ്പത്തിക സംയോജനത്തിന്റെ പ്രാധാന്യത്തെയും കോവിഡ് മഹാമാരിയും അത് മൂലമുണ്ടായ വെല്ലുവിളികളും ഈ വെല്ലുവിളികളെ അതിജീവിക്കാൻ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും മറ്റുമായി ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിക്ക് നേതൃത്വം നൽകിയ സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബ്നു സൽമാനെയും ഡോ. നായിഫ് അൽ ഹജ്‌റഫ് പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

സൗദിയിൽ തനിക്കും സംഘത്തിനും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഉച്ചകോടി കഴിഞ്ഞു ഖത്തറിലേക്ക് തിരിച്ചുപോയതിനു ശേഷം അയച്ച സന്ദേശത്തിലാണ് അമീർ നന്ദി അറിയിച്ചത്. തനിക്ക് ലഭിച്ച സാഹോദര്യ സ്വീകരണവും ഉച്ചകോടിയുടെ വിജയത്തിനായി നടത്തിയ ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ഉച്ചകോടിയുടെ ഗുണപരമായ ഫലങ്ങൾ ഗൾഫ് മേഖല നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാൻ പര്യാപ്തമാണെന്നും അവ ജി.സി.സി രാജ്യങ്ങളെ ശക്തിപ്പെടുത്തുമെന്നും അംഗരാജ്യങ്ങൾക്കിടയിൽ ഐക്യം വർദ്ധിപ്പിക്കുമെന്നും അമീർ അഭിപ്രയപ്പെട്ടു. ഉച്ചകോടി അവസാനിച്ചതിനു ശേഷം ഖത്തർ അമീറിനെ യാത്രയയക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഗൾഫ് ഉച്ചകോടി ശുഭകരമായി പര്യവസാനിച്ചതിൽ സൽമാൻ രാജാവിന് കുവൈത്ത് അമീർ ശൈഖ് സബാ അൽ അഹമ്മദ് അൽ സബ നന്ദിയും അഭിനന്ദനവും അറിയിച്ചു. ടെലിഫോൺ സംഭാഷണത്തിലൂടെയാണ് അമീർ സൽമാൻ രാജാവിനെ നന്ദി അറിയിച്ചത്. ഗൾഫ് രാജ്യങ്ങളുടെ സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദി ഭരണാധികാരിയുടെ ശ്രമങ്ങളെ അമീർ പ്രശംസിച്ചു. ഉച്ചകോടി ഗൾഫ്, അറബ് രാജ്യങ്ങളുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുമെന്നും അമീർ പ്രത്യാശ പ്രകടിപ്പിച്ചു.

ജി.സി.സി ഉച്ചകോടി ഫലത്തെ ജോർദാനും ഈജിപ്തും സ്വാഗതം ചെയ്തു. 'ഉച്ചകോടിയിൽ ജി.സി.സി നേതാക്കൾ നടത്തിയ അന്തിമ പ്രസ്താവന ഒരു വലിയ നേട്ടമാണ്. വിള്ളൽ ഭേദമാക്കുകയും ബന്ധങ്ങളെ സാധാരണ ഗതിയിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുക. ഇത് ഗൾഫ് മേഖലയിലെ ഐക്യവും സ്ഥിരതയും വർദ്ധിപ്പിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യും. അതുമുഖേന വികസനവും സമൃദ്ധിയും മെച്ചപ്പെടുകയും പൊതു വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങൾക്ക് ശക്തി ലഭിക്കുകയും ചെയ്യും.' പ്രസ്താവനയിൽ ജോർദാൻ ഡെപ്യൂട്ടി പ്രീമിയറും വിദേശകാര്യ മന്ത്രിയുമായ അയ്മാൻ സഫാദി പറഞ്ഞു. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബ അൽ അഹ്മദ് അൽ സബയുടെ ശ്രമങ്ങളെ ജോർദാൻ മന്ത്രി വിലമതിച്ചു. നിലവിലെ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ സബയും പ്രതിസന്ധി അവസാനിപ്പിക്കാൻ യു.എസിനോടൊപ്പം പരിശ്രമിച്ചതായും അയ്മാൻ സഫാദി പറഞ്ഞു. അറബ് രാജ്യങ്ങൾക്കിടയിൽ ഐക്യം ശക്തിപ്പെടുത്തുന്നതിന് ഉച്ചകോടി കാരണമായതായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. അറബ് മേഖല നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ പിന്തുണയ്ക്കുന്നതിനും സൗഹാർദ്ദപരമായ ഇടപെടലുകൾ ഫലം കാണുമെന്ന് പ്രസ്താവനയിൽ വിദേശകാര്യമന്ത്രി പറഞ്ഞു. സൽമാൻ രാജാവിനും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസലിനും ഒമാൻ സുൽത്താനും സന്ദേശം അയച്ചു.

Tags:    
News Summary - GCC Summit in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.