തബൂക്ക്: പൗരാണിക അറബ് സംസ്കാരത്തിെൻറയും പൈതൃക ത്തിെൻറയും ചരിത്രം വിളിച്ചോതുന്ന തബൂക്കിലെ പുരാതന കോട്ടയും അതിനകത്തെ മ്യൂസിയവും സന്ദർശകരുടെ ആകർഷണകേന്ദ്രമാകുന്നു. 'ഖൽഅത്തു തബൂക്ക് അസരിയ്യ:' (തബൂക്ക് പുരാതന കോട്ട) എന്നെഴുതി സൗദി ഗവൺമെൻറ് സ്ഥാപിച്ച ഫലകം കോട്ടയുടെ മുന്നിൽ കാണാം.
നാഗരികതയുടെ അടയാളക്കുറിപ്പുകളുടെ നേർക്കാഴ്ചകൾ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അറിവും ആസ്വാദനവും ഒരു പോലെ നൽകുന്നു. അറബ് സമൂഹം പിന്നിട്ട വിസ്മയകരമായ വഴിത്താരകൾ ചരിത്ര കുതുകികൾക്ക് ഹൃദ്യമായ വിരുന്നൊരുക്കുന്നു. തബൂക്കിെൻറ ചരിത്രത്തിലേക്കും ജനങ്ങളുടെ പഴയകാല സംസ്കാര സവിശേഷതകളിലേക്കും മ്യൂസിയം നമ്മെ കൂട്ടിക്കൊണ്ടുപോകും.
അബ്ബാസിയ കാലഘട്ടത്തിൽ പണിത കോട്ട ഓട്ടോമൻ സാമ്രാജ്യത്തിെൻറ (ഉസ്മാനിയ ഖിലാഫത്ത്) കാലത്ത് ഹിജ്റ 967 ൽ (എ. ഡി 1559 ൽ) അന്നത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ സുലൈമാൻ അൽ കാനൂനിയുടെ കാലത്താണ് പുനർനിർമിച്ചത്. സൗദി ഭരണകൂടമാണ് ഇന്ന് നാം കാണുന്ന കോട്ടയുടെ വാസ്തുവിദ്യകളുടെ രൂപകൽപന ഹിജ്റ 1370 ൽ (എ. ഡി 1950 ൽ) പൂർത്തിയാക്കിയത്.
കോട്ട തബൂക്കിലെ പ്രസിദ്ധമായ മസ്ജിദു റസൂലിെൻറ സമീപത്താണ് സ്ഥിതിചെയ്യുന്നത്. കോട്ടയുടെ അടുത്താ യി 'ഐൻ അൽ സുക്കർ' എന്ന പേരിൽ അറിയപ്പെടുന്ന അർധ വൃത്താകൃതിയിലുള്ള രണ്ട് കുളങ്ങളുടെ ശേഷിപ്പുകൾ കാണാം. പ്രവാചകൻ മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ വിശ്വാസി സമൂഹം തബൂക്കിലെത്തിയപ്പോൾ ഈ കുളങ്ങൾ ഉപയോഗപ്പെടുത്തിയതായി ചരിത്രത്തിൽ വായിക്കാം. ഓട്ടോമൻ കാലഘട്ടത്തിൽ സുൽത്താൻ അബ്്ദുൽ മജീദിെൻറ നിർദേശപ്രകാരം ഹിജ്റ1319 ൽ (എ. ഡി 1901 ൽ) ഇവിടെ ഒരു വലിയ കുളം പുനർ നിർമിക്കുകയും നിർമാണ വർഷം രേഖപ്പെടുത്തിയ ഫലകം സ്ഥാപിക്കുകയും ചെയ്തതായി മ്യൂസിയത്തിലെ രേഖകൾ സൂചിപ്പിക്കുന്നു.
പ്രമുഖ സൗദി പത്രപ്രവർത്തകനും ചരിത്രകാരനുമായിരുന്ന ഹമദ് അൽ ജാസിർ എ.ഡി 1970 ൽ തബൂക്ക് സന്ദർശനവേളയിൽ ഈ കുളങ്ങളെ കുറിച്ച് പരാമർശിച്ച രേഖകളും ഇവിടെ കുറിച്ചുവെച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പ് ഇവിടുത്തെ കുളങ്ങൾ വറ്റിയ നിലയിലായിരുന്നുവെന്ന് അന്ന് അദ്ദേഹം പറഞ്ഞ വിവരങ്ങളും ഇവിടെ കുറിച്ച് വെച്ചതായി കാണാം. റോമാക്കാർ അറേബ്യയെ ആക്രമിക്കാൻ പടനീക്കം നടത്തിയപ്പോൾ അതിനെ പ്രതിരോധിക്കാൻ തയാറാക്കിയ മുസ്ലിം സൈന്യം ഇവിടെ തമ്പടിച്ചിരുന്നതായി മ്യൂസിയത്തിലെ ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു.
പൗരാണിക കാലത്ത് പ്രദേശത്തെ കാർഷിക ജലസേചനത്തിന് ഐൻ അൽ സുക്കർ ഉപയോഗിച്ചിരുന്നതായും ഇവിടുത്തെ രേഖകൾ സൂചിപ്പിക്കുന്നു. സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേ ജിെൻറ സംരക്ഷണത്തിലാണ് ഈ പ്രദേശം ഇപ്പോൾ ഉള്ളത്. ചരിത്രത്തിൽ ഇടം പിടിച്ച ഈ കുളത്തിനു ചുറ്റും ചാരുതയേറിയ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ്.
മ്യൂസിയത്തിലേക്ക് ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ ആറു വരെയും സന്ദർശകർക്ക് സൗജന്യമായി പ്രവേശിക്കാം. 1993ൽ പുനരുദ്ധാനം നടന്ന കോട്ടയുടെ അകത്തളങ്ങളിലെ മുറികളിൽ ഓട്ടോമൻ കാലഘട്ടത്തിലെ ചരിത്രപരമായ പുരാവസ്തുക്കളും ശേഷിപ്പുകളും തബൂക്ക് പ്രവിശ്യയുടെ നാൾവഴികൾ പറഞ്ഞുതരുന്ന ദൃശ്യങ്ങളും വിവരങ്ങളും സന്ദർശകർക്ക് പുത്തൻ അറിവ് സമ്മാനിക്കും. രണ്ടു നിലകളുള്ള കോട്ടയിൽ പള്ളി, മുറ്റം,വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള മുറികൾ എന്നിവയുമുണ്ട്.
തബൂക്ക് കോട്ടയുടെ പുരാതന കവാടങ്ങൾ തുറന്ന് ഓരോ മുറികളിലും ചുറ്റിനടക്കുമ്പോൾ പഴമയുടെ പെരുമ വിളിച്ചോതുന്ന പൗരാണിക ശേഷിപ്പുകളുടെ അപൂർവ ശേഖരങ്ങൾ നമുക്ക് പുത്തൻ അനുഭവം സമ്മാനിക്കും. വിവിധ കാലങ്ങളിലേതെന്ന് കരുതപ്പെടുന്ന ആഭരണങ്ങൾ, അലങ്കാരവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഫോസിലുകൾ, പഴയ പാത്രങ്ങൾ,ആയുധങ്ങൾ തുടങ്ങി പൊതുവെ മ്യൂസിയങ്ങളിൽ കാണപ്പെടുന്ന പൈതൃക ശേഖരങ്ങളുടെ അപൂർവ കാഴ്ചയും ഇവിടെ കാണാം. അറബ് നാഗരികതയുടെ ചരിത്രത്തി ലേക്കും തബൂക്ക് ദേശത്തെ പൂർവികരുടെ സവിശേഷതകളിലേക്കും മ്യൂസിയം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.