റിയാദ്: പെരുന്നാൾ ആഘോഷത്തിെൻറ ഭാഗമായി തനിമ സാംസ്കാരിക വേദി റിയാദ് ഘടകം ഒരുക്കിയ 'പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടും' എന്ന പരിപാടി ശ്രദ്ധേയമായി. ഗസൽ സംഗീതത്തിൽ പുതിയകാലത്തെ പ്രതീക്ഷകളായ റസാ റസാഖും ഇംതിയാസ് ബീഗവും ചേർന്നാണ് പ്രവാസി സമൂഹത്തിന് ഹൃദ്യമായ ഇശൽ വിരുന്നൊരുക്കിയത്. ഗസൽ രംഗത്തെ കുലപതികൾ പാടി രസിപ്പിച്ച ഗാനങ്ങളും റസാ ബീഗം ചിട്ടപ്പെടുത്തിയ പുതുഗീതങ്ങളും അവർ ഓൺലൈൻ ആയി അനുവാചകരുമായി പങ്കുവെച്ചു.
ശ്രോതാക്കൾക്ക് അവർ ആവശ്യപ്പെട്ട ഗാനങ്ങൾ പാടിക്കൊടുത്തും പാട്ടുകൾ പിറവിയെടുത്ത വഴിത്താരകൾ കഥനം ചെയ്തും രണ്ട് മണിക്കൂർ സമയം പെരുന്നാൾ ആഘോഷത്തിന് മാറ്റ് പകർന്നു. റസാ ആൻഡ് ബീഗം ദമ്പതികളുടെ മകൾ സൈനബും തെൻറ പ്രിയപ്പെട്ട 'നീ എറിഞ്ഞ കല്ലു പാഞ്ഞ് മാനത്തമ്പിളി...' എന്ന ഗാനം ആലപിച്ചു. ശബ്ദാനുകരണവുമായി പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ നസീബും പരിപാടിയിൽ പങ്കെടുത്തു.
ഇതോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ തനിമ സാംസ്കാരിക വേദി പ്രോവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി ഈദ് സന്ദേശം നൽകി. റമദാൻ നൽകിയ വിശുദ്ധിയുടെ പാഠങ്ങൾ ജീവിതത്തിൽ പകർത്താനും മഹാമാരിയുടെ കാലത്ത് സാമൂഹികമായ ഉത്തരവാദിത്തങ്ങൾ പാലിച്ച് മനുഷ്യന് സാന്ത്വനമായി വർത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അപര വിദ്വേഷവും വംശീയ കുടിലതകളും മാറ്റിവെച്ചു ലോകത്തിെൻറ സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും ഉറപ്പുവരുത്താൻ ലോകം മുന്നോട്ടു വരണമെന്ന് ഇസ്രായേൽ ആക്രമത്തെ അപലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകരായ ഡോ. ജയചന്ദ്രൻ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ നേർന്നു. തനിമ പ്രോവിൻസ് കമ്മിറ്റിയംഗങ്ങളായ റഹ്മത്തെ ഇലാഹി സ്വാഗതം പറഞ്ഞു. സ്റ്റുഡൻറ്സ് ഇന്ത്യ അംഗം സൽമാൻ ഉമർ ഖിറാഅത്ത് നടത്തി. അഷ്റഫ് കൊടിഞ്ഞി അവതാരകനായിരുന്നു. സദ്റുദ്ദീൻ കീഴിശ്ശേരി, സലീം മാഹി, ഖലീൽ പാലോട്, അംജദ് അലി, അഹ്ഫാൻ, നജാത്തുല്ല, ലബീബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.