ദമ്മാം: പ്രവാസികൾക്കുള്ള സർക്കാർ സേവനങ്ങൾ സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) കേരള റവന്യൂ മന്ത്രി കെ. രാജന് നിവേദനം നൽകി. കേരളത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്കാരിക വികസന പദ്ധതികളിൽ പ്രവാസികൾ വഹിച്ച പങ്ക് ചെറുതല്ലെന്നും അതിനനുസരിച്ച് പരിഗണന പ്രവാസികൾ അർഹിക്കുന്നുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നവർക്ക് പ്രത്യേക പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കാൻ ആലോചനകൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
കുറഞ്ഞ അവധിയിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് സർക്കാർ ഓഫിസുകളിൽ ക്രയവിക്രയങ്ങൾക്ക് നേരിടുന്ന കാലതാമസം ഒഴിവാക്കാൻ ഡിജിറ്റൽ സംവിധാനം ഒരുക്കണം. എല്ലാ ജില്ലകളിലും പ്രവാസികൾക്ക് ഓറിയന്റേഷൻ സെൻറർ, വിമാനക്കൂലിയിലെ അനിയന്ത്രിതമായ വർധന, സർക്കാർ ആവിഷ്കരിക്കുന്ന ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ കക്ഷിരാഷ്ട്രീയ മുക്തമായ ചാനൽ, ഉന്നത വിദ്യാഭ്യാസ അവസരങ്ങൾക്കായി സർവകലാശാലകളുടെ ഓഫ് സെൻററുകൾ, പ്രവാസികൾക്ക് മെഡിക്കൽ-എൻജിനീയറിങ് സീറ്റ് സംവരണം തുടങ്ങി പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അനുഭാവപൂർവം ഇടപെടലുണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ദമ്മാമിൽ നവയുഗം സാംസ്കാരികവേദി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ആർ.എസ്.സിയെ പ്രതിനിധാനംചെയ്ത് നാഷനൽ സെക്രട്ടറിമാരായ സാദിഖ് സഖാഫി, അനസ് വിളയൂർ, ദമ്മാം സോൺ എക്സിക്യൂട്ടിവ് സെക്രട്ടറി ജിഷാദ് ജാഫർ, അൽഖോബാർ സോൺ ചെയർമാൻ ഉസ്മാൻ കല്ലായി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.