അൽഖോബാർ: അശാസ്ത്രീയവും അനാവശ്യവുമായ കോർപറേറ്റ് പദ്ധതിയാണ് കെ-റെയിൽ പദ്ധതി എന്നും പാരിസ്ഥിതകമായും സാമ്പത്തികമായും ന്യായീകരിക്കാൻ സാധ്യമാവാത്ത ഈ പ്രോജക്ടിൽ നിന്ന് കേരള സർക്കാർ പിൻവാങ്ങണമെന്നും പ്രവാസി സാംസ്കാരിക വേദി അൽഖോബാർ ഘടകം സെക്രട്ടേറിയറ്റ് ആശ്യപ്പെട്ടു. ഇപ്പോൾതന്നെ മൂന്നുലക്ഷം കോടിയിലധികം കടബാധ്യതയുള്ള സംസ്ഥാനം ഒരു ലക്ഷം കോടിയിലധികം ചെലവുവരുമെന്ന് കണക്കാക്കപ്പെടുന്ന സിൽവർലൈൻ പദ്ധതി സംസ്ഥാനത്തെ വൻ കടബാധ്യതയിലേക്ക് എടുത്തെറിയും. വല്ലാർപാടം പദ്ധതിയിൽ വാഗ്ദാനം നൽകപ്പെട്ട നഷ്ടപരിഹാരം ഇപ്പോഴും കൊടുത്തുവീട്ടാൻ കഴിയാത്ത സർക്കാർ ഈ പദ്ധതിയിൽ വെച്ചുനീട്ടുന്ന നഷ്ടപരിഹാര പാക്കേജ് ജനം എങ്ങനെ വിശ്വസിക്കും. ജനങ്ങളുടെ ന്യായമായ പ്രതിഷേധത്തെ അടിച്ചമർത്തി പദ്ധതി നടപ്പാക്കാമെന്നത് സർക്കാറിന്റെ വ്യാമോഹം മാത്രമാണെന്നും യോഗം മുന്നറിയിപ്പ് നൽകി. വിവിധ കോവിഡ് പരിശോധനകളും ബൂസ്റ്റർ ഡോസുമടക്കം വാക്സിനുകളും എടുത്ത് എത്തുന്ന പ്രവാസികൾക്ക് മാത്രമായ ഏഴു ദിവസ നിർബന്ധിത ക്വാറന്റീൻ എന്നത് ബുദ്ധിശൂന്യ നടപടിയാണെന്നും പ്രവാസികളെ ദ്രോഹിക്കുന്ന ഇത്തരം നിലപാടിൽനിന്ന് സർക്കാർ പിന്മാറണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കേരളത്തിലെ എയർപോർട്ടുകളിൽ നടന്നുവരുന്ന റാപിഡ് കോവിഡ് ടെസ്റ്റിൽ തെറ്റായ റിപ്പോർട്ടിങ്ങിൽ പല യാത്രക്കാർക്കും അനാവശ്യമായ ബുദ്ധിമുട്ട് നേരിടുന്നതിൽ യോഗം അശങ്ക അറിയിച്ചു. പ്രസിഡന്റ് പർവേസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഫർ മമ്പാട് സ്വാഗതവും സിറാജ് തലശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.