ജനാധിപത്യ, ഫെഡറൽ സംവിധാനത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നു - ഇ.ടി മുഹമ്മദ് ബഷീർ എം.പി

ജിദ്ദ: കേരള സംസ്ഥാനത്തിന്റെ ജനാധിപത്യ, ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ശ്രമമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു. ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണറുടെ ഇത്തരം നടപടികളോട് മുസ്ലിംലീഗിന് ശക്തമായ വിയോജിപ്പുണ്ട്. എന്നാൽ ഗവർണർക്ക് ഇത്തരത്തിൽ പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കികൊടുത്തതിൽ ഇടത് സർക്കാരിന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. കോൺഗ്രസും മുസ്ലിംലീഗും വിത്യസ്ത പാർട്ടികളായതിനാൽ ഒരു വിഷയത്തിൽ ഒരേ അഭിപ്രായം ഉണ്ടാകണമെന്നില്ലെന്ന് ഗവർണർ വിഷയത്തിലെ ഇരു പാർട്ടികളുടെയും അഭിപ്രായവിത്യാസത്തെക്കുറിച്ച ചോദ്യത്തിന് ഇ.ടി മുഹമ്മദ് ബഷീർ എം.പി മറുപടി നൽകി.

കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ ചാൻസലർ പദവിയിൽ ഗവർണർ തന്നെ ആവണം എന്നത് പൊതുവായുള്ള ചട്ടമല്ല, മറിച്ച് അത് കേരള നിയമസഭ പാസാക്കിയ ഒരു നിയമം മാത്രമാണ്. 14 സർവ്വകലാശാലകളിലെയും ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കിയുള്ള സർക്കാരിന്റെ ഓർഡിനൻസിനെക്കുറിച്ച് മുസ്ലിംലീഗ് നിലപാടെടുത്തിട്ടില്ല. ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചിട്ടുണ്ടെന്ന കെ. സുധാകരന്റെ പ്രസ്താവന തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അങ്ങിനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയല്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ആർ.എസ്.എസിനെതിരെ പാർലിമെന്റിനകത്തും പുറത്തും ശക്തമായ നിലപാടെടുക്കുന്ന പാർട്ടിയാണ് മുസ്ലിംലീഗ്.

അടുത്ത തവണയും ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നത് രാജ്യത്തിന് ദോഷകരമാണ്. കോൺഗ്രസിനോടൊപ്പം പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ചു ചേർന്ന് അത്തരം നീക്കത്തെ പ്രതിരോധിക്കേണ്ടതുണ്ട്. കേരളത്തിൽ മുന്നണി മാറ്റത്തെക്കുറിച്ച് നിലവിൽ മുസ്ലിംലീഗ് ആലോചിക്കുന്നില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

മുസ്ലിംലീഗിന്റെ ജനസേവന പ്രവർത്തനങ്ങൾക്ക് ജിദ്ദ കെ.എം.സി.സി നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ജിദ്ദ കെ.എം.സി.സിയുടെ കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതി പ്രകാരം അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് കോടിയോളം രൂപ വിതരണം ചെയ്തു. പദ്ധതി 14-ാം വർഷത്തിലേക്ക് കടക്കുമ്പോൾ പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് ഗവേഷണ പഠനത്തിന് സ്കോളർഷിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ശാക്തീകരണത്തോടൊപ്പം ഗവേഷണ പഠനരംഗത്തേക്ക് കുട്ടികളെ ആകർഷിക്കുക എന്നതാണ് പദ്ധതി കൊണ്ടുള്ള ലക്ഷ്യം. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഏത് യൂണിവേഴ്സിറ്റിയിലാണെങ്കിലും സ്കോളർഷിപ്പിന് പരിഗണിക്കും.

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ നടത്തുന്ന ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഐ.എ.എസ് അക്കാദമിയിൽ വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യുന്നു. ബീഹാറിലെ കിഷൻഗഞ്ചിൽ പിന്നാക്ക ജനവിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യം വെച്ച് ഡോ. സുബൈർ ഹുദവിയുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന കുർത്വുബ ഇന്സ്ടിട്യൂടുമായും ജിദ്ദ കെ.എം.സി.സി. സഹകരിക്കുന്നുണ്ട്.

പ്രവാസികളുടെ നന്മയും ക്ഷേമകാര്യങ്ങളിലും മുൻഗണന നൽകി സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സംഘടന നേതൃരംഗത്തും ജീവകാരുണ്യ വേഖലയിലും സഹജീവികൾക്കായി പ്രവർത്തിക്കുകയും ശേഷം നാട്ടിലെത്തി നിത്യജീവിതത്തിനും രോഗ ചികിത്സക്ക് പോലും പ്രയാസപ്പെടുന്നവരുണ്ട്. കുടുംബ സുരക്ഷാ പദ്ധതിയുടെ സ്ഥാപക നേതാക്കളായിട്ടുള്ള അത്തരം ആളുകളെ സഹായിക്കുന്ന 'കാരുണ്യ കൈനീട്ടം' എന്ന പുതിയ പദ്ധതിയും ഈ വർഷം നടപ്പാക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മരണപെട്ട 70 പ്രവാസികളുടെ കുടുംബങ്ങൾക്ക് മരണാനന്തര സഹായവും 300 ഓളം പേർക്ക് ചികിത്സാ ആനുകൂല്യവും നൂറിലേറെ പേർക്ക് വിമാനടിക്കറ്റും നൽകിയതായി ജിദ്ദ കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ഇ ടി മുഹമ്മദ് ബഷീർ എം പി, ടി.വി ഇബ്രാഹീം എം.എൽ.എ, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ചെയർമാൻ നിസാം മമ്പാട് തുടങ്ങിയവരും മറ്റു സെൻട്രൽ കമ്മറ്റി ഭാരവാഹികളും സംബന്ധിച്ചു.

Tags:    
News Summary - Governor is trying to undermine democratic, federal system - ET Mohammed Basheer MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.