റിയാദ്: ഇന്തോ സൗദി സാംസ്കാരിക ബന്ധങ്ങൾക്ക് പുതിയ മാനം നൽകുന്ന ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സൗദി തലസ്ഥാന നഗരിയിലെ ഇന്ത്യൻ മഹോത്സവത്തെ അവിസ്മരണീയമാക്കാൻ നക്ഷത്ര ശോഭയോടെ കലാകാരികളും കലാകാരന്മാരും സിനിമാതാരങ്ങളും റിയാദിൽ എത്തിച്ചേർന്നു.
അത്യുഷ്ണത്തിൽ നിന്നും വിടുതി നേടിയ നഗരത്തിന്റെ ഇനിയുള്ള ദിവസങ്ങൾ പാലാഴി തീർക്കുന്ന പാട്ടിന്റെ ശരത്കാല സന്ധ്യകളായി മാറും. വിവിധ ദേശക്കാരും ഭാഷക്കാരുമായ ഇന്ത്യൻ സമൂഹത്തോടൊപ്പം നമ്മുടെ അയൽ രാജ്യക്കാരും ഈ മഹോത്സവത്തെ സ്വീകരിക്കാനുള്ള ഉത്സാഹത്തിലാണ്.
സംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചമൊരുക്കുന്ന ഇന്ത്യൻ മഹോത്സവം വെള്ളി, ശനി ദിവസങ്ങളിലാണ് റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂളിൽ അരങ്ങേറുന്നത്.
ഇതിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാൻ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും വർധിച്ച പ്രതികരണമാണുണ്ടാവുന്നത്. നഗരത്തിന്റെ വിവിധ മേഖലകളിൽ സജ്ജീകരിച്ചിട്ടുള്ള ടിക്കറ്റ് കൗണ്ടറുകളിലും ഓൺലൈനിലും തിരക്ക് പ്രകടമാണ്.
സാധാരണക്കാരായ കലാസ്വാദകർക്ക് പ്രാപ്യമായ 40 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ. ഒരാൾക്ക് ഒരു ദിവസത്തേക്ക് 40 റിയാലിന്റെ ‘സിൽവർ’, 75 റിയാലിന്റെ ഗോൾഡ്, 150 റിയാലിന്റെ പ്ലാറ്റിനം, 500 റിയാലിന്റെ ‘റെഡ് കാർപ്പെറ്റ്’, നാലുപേർക്ക് ഒരു ദിവസത്തേക്ക് 250 റിയാലിന്റെ ‘ഗോൾഡ് ഫാമിലി’, 500 റിയാലിന്റെ പ്ലാറ്റിനം ഫാമിലി, 1,500 റിയാലിന്റെ ‘റെഡ് കാർപ്പെറ്റ് ഫാമിലി’ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ ക്രമീകരിച്ചിട്ടുള്ളത്.
ലുലു ഔട്ട് ലെറ്റുകൾ, ഗൾഫ് മാധ്യമം റിയാദ് ഓഫിസ് തുടങ്ങി നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നും ടിക്കറ്റുകൾ നേരിട്ട് ലഭിക്കുന്നതാണ്. കൂടുതൽ ടിക്കറ്റുകളെടുക്കുന്നവർക്ക് മികച്ച ഓഫറുകളും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്.
റിയാദിലെ അൽ ഖുറൈസ് റോഡിനോട് ചേർന്ന് റൗദയിലുള്ള ഇന്ത്യൻ സ്കൂളിൽ രണ്ട് ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പരിപാടികൾക്ക് തുടക്കമാവും.
സൗദിയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പൊതു ലൈസൻസ് അനുവദിച്ച് ലോകത്തോടൊപ്പം സഞ്ചരിക്കാനുള്ള ‘സൗദി 2030’ കാഴ്ചപ്പാടിന് അനുസൃതമായാണ് പ്രവാസികളുടെ പ്രഭാതഭേരിയായ ഗൾഫ് മാധ്യമം ദിനപത്രം 2019 മുതൽ ബൃഹത്തായ കലാസാംസ്കാരിക വിനോദ പരിപാടികളുമായി രംഗത്തുള്ളത്.
ഒരുവശത്ത് സാമ്പത്തിക നിർമാണ പുരോഗതി ശക്തിയാർജിക്കുമ്പോൾ തന്നെ സംഗീതവും കലയും സാംസ്കാരിക വിനിമയങ്ങളും ത്വരിതപ്പെടുത്താൻ സൗദി ഭരണകൂടം താൽപര്യം കാണിക്കുമ്പോൾ അതിനൊപ്പം മുന്നോട്ട് നീങ്ങുകയാണ് ‘ഗൾഫ് മാധ്യമ’വും.
അഹ്ലൻ കേരള, മെമ്മറീസ് ഓഫ് ലെജൻഡ്സ്, റിയാദ് ബീറ്റ്സ് തുടങ്ങി നിരവധി പരിപാടികളാണ് സൗദി എൻറർടൈൻമെൻറ് അതോറിറ്റിയുടെ സഹകരണത്തോടെ റിയാദിൽ ഇതിന് മുമ്പ് ഗൾഫ് മാധ്യമം സംഘടിപ്പിച്ചത്. ആ ചരിത്രവഴിയിൽ പുതിയ നാഴികക്കല്ലിടുകയാണ് ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റി’ലൂടെ.
ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ ഉച്ചക്ക് ശേഷം മൂന്ന് മുതൽ: രുചിപ്പെരുമകളുടെ ഫുഡ് കോർണർ, വിവിധ വാണിജ്യ കേന്ദ്രങ്ങളുടെ പ്രൊപ്പർട്ടി ഷോകൾ, എക്സ്പോ. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും ആകർഷക സമ്മാനങ്ങളുമായി ലിറ്റിൽ ആർട്ടിസ്റ്റ് ഡ്രോയിങ് ആൻഡ് പെയിൻറിങ്, സിങ് ആൻഡ് വിൻ മത്സരങ്ങൾ.
ഒക്ടോബർ നാല് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മുതൽ: പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന കലാസാംസ്കാരിക വിരുന്ന് ‘താൽ’. പ്രശസ്ത ബോളിവുഡ് ഗായകനും യുവാക്കളുടെ ഹരവും ആവേശവുമായ സൽമാൻ അലിയുടെ ബാൻഡിനോടൊപ്പം പുതുതലമുറക്കാരായ ഭൂമിക, രചന ചോപ്ര, സൗരവ്, ഷെറിൻ എന്നിവർ അണിനിരക്കും. പോപ്പ്, റോക്ക്, സൂഫി നാദധാരകൾ സമ്മേളിക്കും സംഗീത വിരുന്ന് ഇന്ത്യ, പാക്, ബംഗ്ലാദേശ് കലാസ്വാദകർക്ക് പുതിയ അനുഭൂതി പകരും.
ഒക്ടോബർ അഞ്ചിന് ശനിയാഴ്ച വൈകീട്ട് ഏഴ് മുതൽ: പ്രവാസി മലയാളികളുടെ ഓണാഘോഷത്തിന് നിറപ്പകിട്ടുള്ള പരിസമാപ്തിയായിരിക്കും ‘വൈബ്സ് ഓഫ് കേരള’. താരങ്ങളായ കുഞ്ചാക്കോ ബോബൻ, സ്റ്റീഫൻ ദേവസി, യുവഗായകരായ നിത്യ മാമൻ, കെ.എസ്. ഹരിശങ്കർ, ക്രിസ്റ്റകല, അക്ബർ ഖാൻ, നടനും നർത്തകനുമായ മുഹമ്മദ് റംസാൻ, അവതാരകൻ മിഥുൻ രമേശ് എന്നിവർ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.