റിയാദ്: ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ അങ്കണത്തിൽ അരങ്ങേറുന്ന ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആവേശത്തിരയിളക്കി റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’.
യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ച ഇന്ത്യയിലെ തന്നെ ആദ്യ നഗരമായ കോഴിക്കോട്ടുനിന്നുള്ളവർ നാടിന് പുറത്തും കലാസാംസ്കാരിക രംഗത്ത് മുൻപന്തിയിലാണെന്ന മായാമുദ്ര പതിക്കുകയാണ് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ഈ കലാവസന്തത്തിന് ആവേശവും പിന്തുണയും പകർന്നുകൊണ്ട്.
മലസ് ലുലു ഹൈപ്പർ മാർക്കറ്റിൽ സംഘടനയിലെ ഭാരവാഹികളും അമ്പതോളം കുടുംബാംഗങ്ങളും ചേർന്ന് ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റി’ന്റെ ടിക്കറ്റുകൾ കൂട്ടമായി കരസ്ഥമാക്കി ഫെസ്റ്റിവൽ നഗരിയിൽ പ്രത്യേക പവിലിയനായി അണിനിരന്ന് ആസ്വാദനത്തിന് പുത്തൻ വൈബ് തീർക്കാൻ ‘കോഴിക്കോടൻസ്’ സജീവമായുണ്ടാകും എന്ന് പ്രഖ്യാപിച്ചത്.
മാധ്യമം, മീഡിയവൺ സാംസ്കാരിക ആഘോഷങ്ങളിൽ പതിവായി പങ്കെടുക്കുന്നവരും മുൻനിരയിൽ സ്ഥാനം പിടിക്കുന്നവരുമാണ് ഈ കോഴിക്കോട്ടുകാരെന്ന് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി പറഞ്ഞു. പാട്ടും സംഗീതവും നാടകവും സിനിമയുമെല്ലാം സിരകളിൽ ആവാഹിച്ച ഒരു പ്രദേശത്തിന്റെ ഗൾഫ് പതിപ്പാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഗൾഫ് മാധ്യമം’ റസിഡന്റ് മാനേജർ സലീം മാഹി ‘കോഴിക്കോടൻസി’നുള്ള ടിക്കറ്റുകൾ വിതരണം ചെയ്തു. ഒരു ഏരിയയിൽ കോഴിക്കോടൻസിന് പ്രത്യേകം ഇരിപ്പിടം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ചാക്കോ ബോബന്റെയും യുവ ഗായകരായ നിത്യാ മാമന്റെയും ക്രിസ്റ്റകലയുടെയും മറ്റ് കലാകാരന്മാരുടെയും വരവിനായുള്ള കാത്തിരിപ്പിന്റെ അക്ഷമയിലാണ് തങ്ങളെന്ന് കോഴിക്കോട്ടുകാരിയായ സജീറ ഹർഷാദ് പറഞ്ഞു.
അൽതാഫ് കാലിക്കറ്റ് മുഹമ്മദ് റഫിയുടെ ഗാനമാലപിച്ചും ഫിജിന കബീർ കുഞ്ചാക്കോ ബോബന്റെ സിനിമയിലെ പാട്ടുപാടിയും താളം പിടിച്ചും വനിതകളും കുട്ടികളും പുരുഷന്മാരും ഗ്രേറ്റ് ഇന്ത്യൻ ടിക്കറ്റ് വിതരണ ചടങ്ങിന് പൊലിമയേറ്റി.
കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി, മിർഷാദ് ബക്കർ, മുനീബ് പാഴൂർ (സ്ഥാപകാംഗങ്ങൾ), ഫൈസൽ പൂനൂർ (ഫിനാൻസ് ലീഡ്), ഫാസിൽ വെങ്ങാട്ട് (ഫാമിലി ലീഡ്), റാഷിദ് ദയ (വെൽഫെയർ ലീഡ്), റംഷി കൂടത്തായ് (ചൈൽഡ് ലീഡ്), മുഹമ്മദ് ഷാഹിൻ (ഐ.ടി), മുൻ സി.ഒ.മാരായ ഹസൻ ഹർഷദ് ഫറോക്ക്, മുഹിയുദ്ദീൻ ഷഹീർ, കബീർ നല്ലളം,
നൗഫൽ മുല്ലവീട്ടിൽ, അൽതാഫ് കാലിക്കറ്റ്, റഈസ് എളേറ്റിൽ, ഷാലിമ റാഫി, സജീറ ഹർഷദ്, മുംതാസ് ഷാജു, ഫിജിന കബീർ, സൽമ ഫാസിൽ, സുമിത, ആഷിന ഫസൽ, ഷെറിൻ റംഷി, ആമിന ഷാഹിൻ, റയ്യാൻ റയീസ് എന്നിവർ പങ്കെടുത്തു. 2019 മുതൽ റിയാദിൽ സാമൂഹിക സാംസ്കാരിക സേവന പ്രവർത്തനങ്ങളുമായി ‘വൺ ഫാമിലി, വൺ മൈൻഡ്’ എന്ന് ആപ്തവാക്യമുയർത്തി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് കോഴിക്കോടൻസ് എന്ന് ഫിനാൻസ് ലീഡറായ ഫൈസൽ പൂനൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.