റിയാദ്: സൗദി അറേബ്യയെ ഹരിതവത്കരിക്കാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച ‘ഗ്രീൻ സൗദി ഇനിഷ്യേറ്റിവ് ഫോറത്തി’ന്റെ നാലാമത് സമ്മേളനം റിയാദിൽ ഡിസംബർ മൂന്ന്, നാല് തീയതികളിൽ നടക്കും.
‘നമ്മുടെ പ്രകൃതി ഞങ്ങൾ മുൻകൈയെടുക്കുന്നു’ എന്ന ശീർഷകത്തിലാണ് സമ്മേളനം. ഡിസംബർ രണ്ട് മുതൽ 13 വരെയുള്ള കാലയളവിൽ നടക്കാനിരിക്കുന്ന മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള യു.എൻ കൺവെൻഷൻ (കോപ് 16) 16ാം സമ്മേളനത്തോടനുബന്ധിച്ചാണ് ഇത് നടക്കുന്നത്.
മരുഭൂവത്കരണത്തെ ചെറുക്കാനുള്ള ഐക്യരാഷ്ട്രസഭ കൺവെൻഷനിലെ കക്ഷികളുടെ എക്കാലത്തെയും വലിയ യോഗമായിരിക്കും റിയാദിലേത്. മധ്യപൗരസ്ത്യ ദേശത്ത് നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തേതും രാജ്യം ആതിഥേയത്വം വഹിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ ബഹുമുഖ സമ്മേളനവുമായിരിക്കും. ലോകമെമ്പാടുമുള്ള നൂറുകണക്കിന് നയരൂപകർത്താക്കളും ബിസിനസ് നേതാക്കളും വിദഗ്ധരും പങ്കെടുക്കും.
മരുഭൂവത്കരണത്തെ തടയാനും ഹരിതവത്കരണം നടത്താനും മികച്ച രീതികൾ പര്യവേക്ഷണം ചെയ്യുന്നതിനും പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനും സംരംഭത്തിന്റെ പുരോഗതി അവലോകനം ചെയ്യാനും പ്രത്യേക സെഷനുകൾ സമ്മേളനത്തിലുണ്ടാവും.
സഹകരണ സാധ്യതകൾ വർധിപ്പിക്കുന്നതിനും കൂടുതൽ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ വേഗം വർധിപ്പിക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഗ്രീൻ സൗദി ഇനീഷ്യേറ്റിവ് ഫോറം സംഘടിപ്പിക്കുന്നത്.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സുപ്രീം കമ്മിറ്റി ചെയർമാനായി ഗ്രീൻ സൗദി അറേബ്യ സംരംഭം ആരംഭിച്ചത് മുതൽ പോസിറ്റിവ് സ്വാധീനം വ്യക്തമായി ചെലുത്തുന്നതിൽ ഫോറം വിജയിച്ചിട്ടുണ്ട്. ഇത് പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളുടെ മൊത്തം ശേഷി നാല് ജിഗാവാട്ടിൽ അധികം വർധിപ്പിക്കാനിടയാക്കി.
9.5 കോടി മരങ്ങൾ രാജ്യവ്യാപകമായി നട്ടുപിടിപ്പിച്ചു. രാജ്യത്തുടനീളം വംശനാശഭീഷണി നേരിടുന്ന 1,660ലധികം മൃഗങ്ങളെ പുനരധിവസിപ്പിച്ചു.
റിയാദിൽ സമ്മേളന ഭാഗമായി 4,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പ്രദർശനം സംഘടിപ്പിക്കും. എല്ലാ തുറകളിലുമുള്ള സന്ദർശകർക്ക് പ്രവേശനം നൽകും. കാലാവസ്ഥയിലും പാരിസ്ഥിതിക പ്രവർത്തനങ്ങളിലും സൗദി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം സജീവമാക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള സൗദിയുടെ സമീപനത്തെ ഉയർത്തിക്കാട്ടുന്ന സംവേദനാത്മക അനുഭവങ്ങളുടെ പ്രദർശനമുണ്ടാകും.
ഗ്രീൻ സൗദി ഇനീഷ്യേറ്റിവ് സംവാദങ്ങളിൽ പങ്കെടുത്ത് അതിഥികൾക്ക് ആശയങ്ങൾ കൈമാറാനാകും. കാലാവസ്ഥയിലും പാരിസ്ഥിതിക പ്രവർത്തനത്തിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്ക് സജീവമാക്കുകയും 2060ഓടെ ന്യൂട്രാലിറ്റിയിൽ എത്താനുള്ള സൗദിയുടെ അഭിലാഷങ്ങൾ കൈവരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ സൗദി ഇനീഷ്യേറ്റിവ് ആരംഭിച്ചത്.
ഉയർന്ന താപനില, കുറഞ്ഞ മഴ നിരക്ക്, മണൽ-പൊടിക്കാറ്റുകൾ, മരുഭൂവത്കരണം എന്നിവയുൾപ്പെടെ മേഖല അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും നിലവിലുള്ളതും ഭാവിയിലേതുമായ തലമുറകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്നതാണ് ഗ്രീൻ സൗദി ഇനീഷ്യേറ്റിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.