ജിദ്ദ: ഗൾഫ് രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ മന്ത്രിതല സംഭാഷണം നടന്നു. റഷ്യൻ തലസ്ഥാനമായ മോസ്കോയിലാണ് സംയുക്ത മന്ത്രിതല സംഭാഷണം നടന്നത്. യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പെങ്കടുത്തു. ഗൾഫ്-റഷ്യ ബന്ധങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികളും അവലോകനം ചെയ്തു. റഷ്യൻ-യുക്രെയ്ൻ പ്രതിസന്ധിയിലെ സംഭവവികാസങ്ങളും പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളും ചർച്ച ചെയ്തു.
പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളിൽ സംയുക്ത ഏകോപനവും ബഹുമുഖ പ്രവർത്തനവും ശക്തമാക്കുന്നതിനെക്കുറിച്ചും യോഗം ആലോചിച്ചു. സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആവശ്യമായ ചർച്ചകളും നടത്തി. റഷ്യയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ അൽഅഹ്മദും വിദേശകാര്യ മന്ത്രി ഓഫിസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദും യോഗത്തിൽ പെങ്കടുത്തു.
യോഗത്തിനോടനുബന്ധിച്ച് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും തന്ത്രപരമായ സഹകരണവും എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ഇരുമന്ത്രിമാരും കൂടിക്കാഴ്ചക്കിടയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.