അൽ ഖോബാർ: ചൈനയിൽനിന്നുള്ള അലുമിനിയം ഇറക്കുമതിക്ക് ആന്റി ഡംപിങ് തീരുവ ചുമത്താൻ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) നീക്കം. വ്യവസായ മന്ത്രിമാർ അടങ്ങുന്ന ജി.സി.സി മന്ത്രിതല സമിതി ഇതുസംബന്ധിച്ച ശിപാർശ അംഗീകരിച്ചു. ചൈനയിൽനിന്ന് കയറ്റുമതി ചെയ്യുന്ന അലുമിനിയം അലോയ് ഉൽപന്നങ്ങൾ ജി.സി.സി രാജ്യങ്ങളിൽ ഇറക്കുമതി ചെയ്യുന്നതിന് ആന്റി ഡംപിങ് തീരുവ ചുമത്താനാണ് തീരുമാനം.
ഇതിനായി അന്താരാഷ്ട്ര വ്യാപാരത്തിലെ ആന്റി ഇൻജുറിയസ് ജി.സി.സി പെർമനന്റ് കമ്മിറ്റി ശിപാർശചെയ്തു. ജി.സി.സി രാജ്യങ്ങളിലേക്കുള്ള ഇറക്കുമതിയിൽ പരന്നതോ ഗ്രെയിൻ ചെയ്തതോ ദീർഘചതുരാകൃതിയിലുള്ളതോ ആയ അലുമിനിയം അലോയ് ഷീറ്റുകൾ, പ്ലേറ്റുകൾ, കോയിലുകൾ, സ്ട്രിപ്പുകൾ, പൂശിയതോ നിറമുള്ളതോ ആയ രണ്ട് മില്ലീമീറ്റർ മുതൽ എട്ട് മില്ലീമീറ്റർ വരെ കനമുള്ളവക്ക് കൃത്യമായ ആന്റി ഡംപിങ് തീരുവ ചുമത്താനാണ് മന്ത്രിതല സമിതിയുടെ തീരുമാനം.
തീരുവ ചുമത്തൽ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിന്റെ വിശദാംശങ്ങൾ ബ്യൂറോ ഓഫ് ടെക്നിക്കൽ സെക്രട്ടേറിയറ്റ് ഫോർ ആന്റി ഇൻജുറിയസ് പ്രാക്ടീസസ് ഇൻ ഇന്റർനാഷനൽ ട്രേഡിന്റെ ഔദ്യോഗിക ഗസറ്റ് നമ്പർ 51ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഇത് ജി.സി.സി സെക്രട്ടേറിയറ്റ് ജനറലിന്റെ വെബ്സൈറ്റിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.