റിയാദ്: കേരള നവോത്ഥാനത്തിന്റെ നാലുവരിപ്പാതകളിലൊന്ന് മലയാളിയുടെ ഗൾഫ് പ്രവാസമാണെന്ന് പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. റിയാദിൽ ചില്ല സർഗവേദി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ 'കേരളം, നവോത്ഥാനം, സാഹിത്യം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപ്രസ്ഥാനം, സാമൂഹികപരിഷ്കരണം, കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിവ വരുത്തിയ ദൂരവ്യാപകമായ സ്വാധീനത്തിനു ശേഷം ഗൾഫ് പ്രവാസമാണ് കേരളത്തെ പുതുക്കിപ്പണിതതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റം നടന്ന സമൂഹത്തിൽ ഗൾഫ് പ്രവാസികൾ നടത്തിയ സാമ്പത്തിക ഇടപെടൽ കേരളത്തെ ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വാണിജ്യം മുതലായ രംഗങ്ങളിലുണ്ടായ വികാസം നമ്മുടെ സാമൂഹികചട്ടക്കൂടിനെ കൂടി മാറ്റിമറിച്ചു. എന്നാൽ മലയാളിയുടെ പൊതുബോധം ഗൾഫ് പ്രവാസത്തിന്റെ പ്രസക്തിയും പ്രാധാന്യവും അംഗീകരിക്കാൻ തയ്യാറാകുന്നില്ല.
ഉപജീവനാർഥം ഗൾഫിലേക്ക് പുറപ്പെട്ട മലയാളികൾ കേരളത്തിന് നൽകിയ സംഭാവനകൾ തമസ്കരിച്ച് അവരുടെ വിയർപ്പിന്റെ ഫലമായ സംഭാവനകൾ സമാഹരിക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങളും ചെയ്യുന്നത്. മലയാളികൾ യുദ്ധങ്ങൾ കാണുകയോ അനുഭവിക്കുകയോ ചെയ്യാത്തത് അവരുടെ പരിമിതിയായി ആരോപിക്കുന്നവരുണ്ട്. പ്രവാസം തന്നെ യുദ്ധത്തേക്കാൾ ഭീകരമായ അനുഭവമായി മാറിയിട്ടുണ്ടെന്ന് ശിഹാബുദ്ദീൻ പറഞ്ഞു. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന മലയാളിപ്രവാസം ഇന്നും കേരളത്തെ നവീകരിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു.
അതേസമയം സാമൂഹികപരിഷ്കരണത്തിന്റെ ഭാഗമായി രൂപംകൊണ്ട പല സംഘങ്ങളും അതിന്റെ എതിർദിശയിൽ സഞ്ചരിക്കാനും തുടങ്ങിയത് നിരാശാജനകമാണ്. കള്ള് ചെത്തരുത്, വിൽക്കരുത്, കുടിക്കരുത് എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ അനുയായികൾ തന്നെ അത്തരം പ്രവൃത്തികളെല്ലാം ഒരു അവകാശം പോലെ തുടരുന്നത് നമ്മൾ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ മോഡറേറ്ററായി. പ്രഭാഷണത്തിനു ശേഷം നടന്ന സംവാദത്തിൽ വിപിൻ കുമാർ, ബീന, ടി.ആർ. സുബ്രഹ്മണ്യൻ, മനോഹരൻ നെല്ലിക്കൽ, പ്രദീപ് ആറ്റിങ്ങൽ, റസൂൽ സലാം, വി.കെ. ഷഹീബ, പ്രഭാകരൻ കണ്ടോന്താർ, നാസർ കാരക്കുന്ന്, നാസർ, ശമീം തളപ്പുറത്ത്, ജോഷി പെരിഞ്ഞനം, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. കൊമ്പൻ മൂസ സ്വാഗതവും എം. ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.