ജിദ്ദ: ഹജ്ജ് തീർഥാടകർ ജംറയിലെ ആദ്യ കല്ലേറ് കർമവും ത്വവാഫുൽ ഇഫാദയും നിർവഹിച്ചു. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ സംഗമത്തിനു ശേഷം മുസ്ദലിഫയിലെത്തി രാപാർത്ത് വെള്ളിയാഴ്ച രാവിലെയാണ് തീർഥാടകർ മിനയിലെത്തിയത്. ശേഷം ജംറത്തുൽ അഖബയിൽ ആദ്യ കല്ലേറ് കർമം നടത്തി. ശേഷം മക്കയിലെ ഹറമിലെത്തി ‘ത്വവാഫുൽ ഇഫാദ’യും നിർവഹിച്ചു.
കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ് കല്ലേറ് കർമവും ത്വവാഫും നടന്നത്. ഹറമിൽ പ്രവേശനത്തിനും പുറത്തേക്കും പ്രത്യേക കവാടങ്ങളും മത്വാഫിൽ സ്റ്റിക്കർ പതിച്ച് ഓരോ ഗ്രൂപ്പുകൾക്കും പ്രത്യേക പാതകളും നിശ്ചയിക്കുകയും ചെയ്തിരുന്നു. സുരക്ഷ രംഗത്ത് ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
ഓരോ ഗ്രൂപ്പുകളായാണ് തീർഥാടകർ ജംറയിൽ കല്ലേറ് കർമം നിർവഹിച്ചത്. ഓരോ ഗ്രൂപ്പിനും ഓരോ ലീഡറുണ്ടായിരുന്നു. എറിയുന്നതിനുള്ള കല്ലുകൾ അണുമുക്തമാക്കിയ ശേഷം പാക്കറ്റുകളിലാക്കി നേരത്തെതന്നെ തീർഥാടകർക്ക് നൽകിയിരുന്നു. മൂന്നു ജംറകളിൽ പ്രധാന ജംറയായ ‘ജംറത്തുൽ അഖബ’യിലാണ് വെള്ളിയാഴ്ച കല്ലേറ് കർമം നടത്തിയത്. ഇനിയുള്ള ദിവസങ്ങളിൽ മൂന്ന് ജംറകളിലും കല്ലെറിയും.
ജംറയിലേക്കുള്ള പോക്കുവരവുകളും കല്ലേറ് കർമവും അനായാസമാക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പ്രത്യേക നിലകളും പോക്കുവരവുകൾക്ക് പാതകളും ഒരോ ഗ്രൂപ്പുകൾക്കും നിശ്ചയിച്ചിരുന്നു. കല്ലേറും ത്വാവാഫും പൂർത്തിയാക്കിയ തീർഥാടകർ മുടിയെടുത്ത് ഇഹ്റാമിന്റെ പ്രത്യേക വസ്ത്രം മാറ്റി. മിനയിലെ ‘അബ്റാജ് മിന’കെട്ടിടത്തിൽ കഴിയുന്ന തീർഥാടകർ വരും ദിവസങ്ങളിൽ ഹജ്ജിലെ ബാക്കി കർമങ്ങൾ കൂടി പൂർത്തിയാക്കി മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.