റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, സൗദിയിൽ സംരംഭങ്ങൾ ആരംഭിക്കാനുദ്ദേശിക്കുന്ന മലയാളി എൻജിനീയർമാർക്ക് വേണ്ടി ‘സ്റ്റാർട്ടപ് ബ്ലൂ പ്രിൻറ്’ എന്ന പേരിൽ സംരംഭകത്വ മാർഗനിർദേശക പരിപാടി സംഘടിപ്പിച്ചു. മലസിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടിയിൽ മേഖലയിൽ കഴിവ് തെളിയിച്ച വിവിധ സംരംഭകർ പങ്കെടുത്തു.
ചാപ്റ്റർ പ്രസിഡൻറ് അബ്ദുൽ നിസാർ അധ്യക്ഷത വഹിച്ചു. പ്രഗല്ഭരായ സംരംഭകരെ ഉൾപ്പെടുത്തി നടത്തിയ പാനൽ ചർച്ച ധാരാളം അറിവ് പകരുന്നതായി. 150 ഓളം ഫോറം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ കെ.ഇ.എഫ് അംഗവും സർട്ടിഫൈഡ് ട്രെയിനറുമായ അമ്മാർ മലയിൽ സംരംഭകർക്ക് പ്രയോജനകരമായ പ്രസന്റേഷൻ അവതരിപ്പിച്ചു. പാനൽ ചർച്ച സുഹാസ് ചെപ്പള്ളി നിയന്ത്രിച്ചു. താസ് ആൻഡ് ഹംജിത് കമ്പനി ഡയറക്ടർ സി.എം.എ. മുഹമ്മദ് സലാം, ബിസ്ജെറ്റ് ഇന്റർനാഷനൽ സി.ഇ.ഒ അമീൻ അക്ബർ, സ്ത്രീ സംരംഭക വർദ്ദ മാമുക്കോയ, റവാബി ആൻഡ് സൾഫെക്സ് ഗ്രൂപ് എം.ഡി മുഹമ്മദ് കുഞ്ഞി, ക്യൂനേട്സ് സി.ഇ.ഒ മുഹമ്മദ് റിഷാൻ എന്നിവർ പങ്കെടുത്തു.
പാനൽ ചർച്ചയിൽ പങ്കെടുത്തവർക്ക് കെ.ഇ.എഫിന്റെ ഫലകങ്ങൾ സമ്മാനിച്ചു. മുതിർന്ന അംഗവും ‘വിഷൻ 2030’ പ്രോജക്ടുകളുടെ നേതൃസ്ഥാനം വഹിക്കുന്നയാളുമായ നൗഷാദലി, റിയാദിലും അബൂദബിയിലും സ്വീഡനിലും മാരത്തണുകളിൽ പങ്കെടുത്ത അജീഷ് ഹബീബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. 2025 വർഷത്തേക്കുള്ള കെ.ഇ.എഫ് അംഗത്വ കാമ്പയിനും ചടങ്ങിൽ നടന്നു.
ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൻ ഷഹനാസ് അബ്ദുൽ ജലീൽ, എൻജിനീയറിങ് മേഖലയിൽ കഴിവു തെളിയിച്ച അമീർ ഖാൻ (സൈബർ സെക്യൂരിറ്റി എൻജിനീയർ -ട്രെൻഡ് മൈക്രോ), റയീസ് തൂമ്പത്ത് (പ്രോജക്ട് കൺട്രോൾ എൻജിനീയർ -മതാർത്ത ഹോൾഡിങ്) എന്നിവർക്ക് എക്സിക്യൂട്ടിവ് അംഗം ജോജി ജോസഫ് മെംബർഷിപ് ഡിജിറ്റൽ ഐ.ഡി കൈമാറി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഈ വർഷം അംഗത്വം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
പരിപാടി ആദ്യവസാനം എക്സിക്യൂട്ടിവ് അംഗം ജിയ ജോസ് നിയന്ത്രിച്ചു. സെക്രട്ടറി മുഹമ്മദ് ഹഫീസ്, വൈസ് പ്രസിഡൻറ് ആഷിക് പാണ്ടികശാല, ട്രഷറർ മുഹമ്മദ് ഷെബിൻ, നിഹാദ് അൻവർ തുടങ്ങിയവരും സജീവമായി പങ്കെടുത്തു. വൈസ് പ്രഡിഡൻറ് ഷഫാന മെഹ്റു മൻസിൽ നന്ദി പറഞ്ഞു. കെ.ഇ.എഫ് ഫുട്ബാൾ ടീം ജേഴ്സി ചടങ്ങിൽ അവതരിപ്പിച്ചു. സംഘടനയിലെ മികച്ച കാൽപന്ത് കളിക്കാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയാണ് ടീം രൂപവത്കരിച്ചതെന്ന് സ്പോർട്സ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ടീം മാനേജർ എൻ.പി. നവാസ്, ക്യാപ്റ്റൻ റമീസ് നൂർമഹൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.