മദീന: മദീന മേഖലയിലെ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരിടമാണ് അൽ ഫിക്ക്റ പർവത ഗ്രാമം. കടുത്ത വേനലിലും മിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒരു പ്രദേശമാണിത്. അവധി ദിനങ്ങളിലും വരാന്ത്യങ്ങളിലും ഇവിടേക്ക് സഞ്ചാരികളുടെ നല്ല ഒഴുക്കാണ്. മദീന നഗരിയിൽനിന്ന് പടിഞ്ഞാറ് ഭാഗത്തായി 80 കി.മീ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
മദീന - യാംബു ഹൈവേയിലൂടെ 35 കി.മീ സഞ്ചരിച്ചാൽ വലതുഭാഗത്തായി അൽ ഫിക്ക്റയിലേക്കുള്ള ഉപ റോഡിന്റെ ബോർഡ് കാണാം. വളവും തിരിവുമുള്ള റോഡിലൂടെ ഏകദേശം 42 കി.മീ സഞ്ചരിച്ചാൽ പ്രദേശത്തെത്താം. വീതി കുറഞ്ഞതും കയറ്റവും വളവുകളുമുള്ള റോഡായതിനാൽ തന്നെ വാഹനമോടിക്കുമ്പോൾ നല്ല സൂക്ഷ്മത വേണം. അങ്ങോട്ടുള്ള യാത്രയിൽ അംബര ചുംബികളായ പർവതനിരകളുടെ വർണാഭമായ ദൃശ്യങ്ങൾ കാണാം.
ഒട്ടകങ്ങളുടെയും കഴുതകളുടെയും സാന്നിധ്യമുള്ള പ്രദേശം കൂടിയാണിത്. മൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്ന മേഖലയാണ് എന്ന ബോർഡും ചിലയിടങ്ങളിലുണ്ട്. തെരുവുവിളക്കുകൾ ഇവിടത്തേക്കുള്ള റോഡരികിൽ ഇല്ലാത്തതുകൊണ്ട് രാത്രിയാത്രക്ക് കൂടുതൽ ശ്രദ്ധ വേണം. രാജ്യത്തെ വിനോദസഞ്ചാര മേഖലയിലെ പ്രധാനപ്പെട്ട ഒരു കേന്ദ്രമായി പ്രദേശം ഇപ്പോൾ മാറുകയാണ്.
സമുദ്രനിരപ്പിൽനിന്ന് 1800 മീറ്ററിലധികം ഉയരമുള്ള അൽ ഫിക്ക്റ കുന്നിൻ ചരിവുകളുടെ വശ്യമനോഹര കാഴ്ചകൾ അവാച്യമായ അനുഭൂതിയാണ് സന്ദർശകർക്ക് പകർന്നു നൽകുന്നത്. ചാരുതയേറിയ കുന്നിൻ മുകളിൽ സഞ്ചാരികൾക്കായി ചില റിസോർട്ടുകളുണ്ട്. മലഞ്ചെരുവുകളിൽ ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, ഈന്തപ്പന എന്നിവയുടെ കൃഷിത്തോട്ടങ്ങളും തേൻ കൃഷിയുമെല്ലാം ഈ പ്രദേശത്തെ വേറിട്ടതാക്കുന്നു.
അപൂർവ സസ്യങ്ങളും പൂക്കളുമുള്ള ഈപ്രദേശത്തുനിന്ന് ഉൽപാദിപ്പിക്കുന്ന തേനിന് സ്വദേശികൾക്കിടയിൽ നല്ല ഡിമാൻറാണേത്ര. കുന്നിൻ മുകളിലെ കാഴ്ചയും സായന്തനക്കാഴ്ചയും ആസ്വദിക്കാനാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ധാരാളം സ്വദേശി കുടുംബങ്ങളും വിദേശികളും ഇവിടെ എത്തുന്നത്. ഭക്ഷണമടക്കം എല്ലാ തയാറെടുപ്പുകളുമായാണ് ഇവർ ഈ ഗിരിനിരകളിലെ മനംമയക്കുന്ന പ്രകൃതി ദൃശ്യങ്ങൾ ദർശിക്കാനെത്തുന്നത്.
മദീന നഗരിയിലെ താപനിലയേക്കാൾ ഇവിടത്തെ താപനില 15 ഡിഗ്രി സെൽഷ്യസ് എപ്പോഴും കുറവാണ്. മഴ കൂടുതൽ ലഭിക്കുന്ന ഈ പ്രദേശത്ത് ശൈത്യകാലത്ത് തണുപ്പ് വളരെ കൂടുതലാണ്. എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന വേറിട്ട കാലാവസ്ഥയായതിനാൽ മദീനയിൽനിന്നുള്ള സ്വദേശികൾ അവധിദിനങ്ങൾ ചെലവഴിക്കാൻ സാധാരണ എത്തുന്ന സ്ഥലമാണിത്. കൺകുളിർമയുണ്ടാക്കുന്ന പ്രകൃതിരമണീയ ദൃശ്യങ്ങൾ പകർത്തിയും അത് ആവോളം ആസ്വദിച്ചുമാണ് വിനോദ സഞ്ചാരികൾ അൽ ഫിക്ക്റ സന്ദർശിച്ച് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.