ജിദ്ദ: ഹജ്ജ് അവസാനിച്ചതോടെ പുതിയ ഉംറ സീസണിലേക്ക് ഹജ്ജ്, ഉംറ മന്ത്രാലയം വിസ അനുവദിച്ചു തുടങ്ങി. മുന്‍വര്‍ഷങ്ങളില്‍ ഹജ്ജ് സീസണ് അവസാനിച്ച് മുഹർറം ഒന്നു മുതലാണ് ഉംറ വിസകള്‍ അനുവദിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ ഹജ്ജ് പൂര്‍ത്തിയായാലുടന്‍ ഉംറ വിസ അനുവദിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വിദേശങ്ങളില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകരില്‍ ബഹുഭൂരിഭാഗവും ഇനിയും സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടില്ല. ഇതിനു മുമ്പു തന്നെ ഉംറ വിസ അനുവദിക്കുകയാണ് ചെയ്യുന്നത്.
ഉംറ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വകുപ്പുകളുമായും ഏകോപനം നടത്തിയാണ് മന്ത്രാലയം വിസകള്‍ അനുവദിക്കുന്നത്. എല്ലാ വർഷവും ഹജ്ജ് സീസൺ അവസാനിച്ച ഉടൻ ഉംറ തീർഥാടകരെ മന്ത്രാലയം സ്വീകരിക്കാറുണ്ട്. തീർഥാടകരെ സേവിക്കുന്നതിനും അവരുടെ അനുഷ്ഠാനങ്ങൾ സുഗമമാക്കുന്നതിനും ആവശ്യമായ വൈദഗ്ധ്യവും സാങ്കേതികവും ഫീൽഡ് പ്രോഗ്രാമുകളും ഒരുക്കിയാണ് പുതിയ ഉംറ സീസണെ ഹജ്ജ് ഉംറ മന്ത്രാലയം വരവേൽക്കുന്നത്. വ്യാഴാഴ്ച മുതലാണ് അപേക്ഷ സ്വീകരിച്ച് വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയത്. കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള പദ്ധതി അനുസരിച്ചാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്.
2030ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയര്‍ത്താനാണ് ‘വിഷന്‍ 2030’ ലക്ഷ്യമിടുന്നത്. കൂടുതല്‍ ഉംറ തീര്‍ഥാടകരെ സൗദിയിലേക്ക് ആകര്‍ഷിക്കാനും വിസ നടപടികളെയും സൗദിയിലേക്കുള്ള മറ്റു പ്രവേശന നടപടികളെയും തീര്‍ഥാടകര്‍ക്ക് നല്കുന്ന പുതിയ ഇളവുകളെയും ആനുകൂല്യങ്ങളെയും കുറിച്ച് പരിചയപ്പെടുത്താനും ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ബിസിനസ്, വിസിറ്റ് വിസകള്‍ അടക്കം ഏതു വിസയിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കും. ഉംറ വിസയുടെ കാലാവധി 90 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് വിസ കാലാവധിയില്‍ സൗദിയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയും. ഉംറ വിസക്കാര്‍ക്ക് സൗദിയിലെ ഏത് വിമാനത്താവളങ്ങളും തുറമുഖങ്ങളും കരയിലെ അതിർത്തി കവാടങ്ങളും വഴി രാജ്യത്ത് പ്രവേശിക്കാം. കഴിഞ്ഞ വർഷം വിദേശങ്ങളില്‍നിന്ന് ഒരു കോടി 35.5 ലക്ഷം ഉംറ തീര്‍ഥാടകരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.