ജിദ്ദ: മൂന്നാമത് ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദർശനവും ജനുവരിയിൽ നടക്കും. ജിദ്ദ സൂപ്പർ ഡോമിൽ ജനുവരി എട്ടു മുതൽ 11 വരെയാണ് പരിപാടി. ഹജ്ജ്-ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്നവരെയും രാജ്യത്തിനകത്തും പുറത്തുമുള്ള ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവരുന്ന വേദിയായിരിക്കും ഇതെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ഹജ്ജ്-ഉംറ മന്ത്രാലയം, സർക്കാർ-സ്വകാര്യ മേഖലകളുമായുള്ള പങ്കാളിത്തത്തോടെ തീർഥാടകരുടെയും ഉംറ നിർവഹിക്കുന്നവരുടെയും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിൽ ഗുണപരമായ നേട്ടങ്ങളും പുരോഗതിയും കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തീർഥാടകർക്ക് സൗദി അറേബ്യയുടെ ഗുണപരമായ പദ്ധതികൾ ഉയർത്തിക്കാട്ടുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹജ്ജ്-ഉംറ സമയങ്ങളിൽ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ലോകമെമ്പാടുമുള്ള ഹജ്ജ്, ഉംറ തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും മന്ത്രാലയം കാണിക്കുന്ന താൽപര്യം തുറന്നുകാട്ടുന്നതായിരിക്കും പരിപാടി. ‘വിഷൻ 2030’ പ്രോഗ്രാമുകളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും തീർഥാടകരുടെ അനുഭവം സമ്പന്നമാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പുതിയ സേവനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ആരംഭം കുറിക്കുന്ന വേദിയുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
താമസം, ലോജിസ്റ്റിക്സ്, ആരോഗ്യ പരിപാലനം, ഗതാഗതം, ഉപജീവനം, സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും, ജലം, ഊർജ പരിഹാരങ്ങൾ, ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള സേവനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ എന്നിവ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ്, ഉംറ സേവനങ്ങൾക്കുള്ള മക്ക എക്സലൻസ് അവാർഡ് നേടിയതുൾപ്പെടെ മുൻ പതിപ്പുകളിൽ ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദർശനവും നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 83 മന്ത്രിമാരും പ്രതിനിധി സംഘത്തലവന്മാരും ഉൾപ്പെടെ ലക്ഷത്തിലധികം സന്ദർശകരാണ് കഴിഞ്ഞ വർഷം സമ്മേളനത്തിനെത്തിയത്. 360 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പെങ്കടുത്തു. ഹജ്ജ്, ഉംറ സന്ദർശനം എന്നീ മേഖലകളിൽ 200ലധികം കരാറുകൾ ഒപ്പിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.