മക്ക: ഹജ്ജ് സീസണിലേക്ക് ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മക്ക നഗരസഭക്കു കീഴിൽ ആരംഭിച്ചു. ഹജ്ജ് സീസണിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. ഇതിന് അപേക്ഷ സ്വീകരിക്കുന്ന നടപടികളാണ് നഗരസഭക്കു കീഴിൽ ആരംഭിച്ചിരിക്കുന്നത്.
‘ബലദി’ പ്ലാറ്റ്ഫോം വഴി അപേക്ഷിച്ചാൽ സീസണൽ ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് മക്ക നഗരസഭ ഔദ്യോഗിക വക്താവ് ഉസാമ സെയ്തൂനി പറഞ്ഞു. ഇതിനുള്ള അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചിട്ടുണ്ട്. അപേക്ഷകൻ രോഗങ്ങളൊന്നും ഇല്ലാത്തവനായിരിക്കണം. ഇത് തെളിയിക്കുന്നതിന് അംഗീകൃത ലാബ് പരിശോധന റിപ്പോർട്ട് നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ലഭിക്കാൻ മക്കയുടെ വിവിധ ഭാഗങ്ങളിലായി ഏകദേശം 40 ആരോഗ്യകേന്ദ്രങ്ങൾക്ക് നഗരസഭ അംഗീകാരം നൽകിയിട്ടുണ്ട്. അപേക്ഷകൻ നഗരസഭയുടെ ആരോഗ്യബോധവത്കരണ പ്രോഗ്രാമും അതിനായി നിശ്ചയിച്ചിട്ടുള്ള പരീക്ഷയും വിജയിക്കണമെന്നത് നിർബന്ധമാണെന്നും വക്താവ് പറഞ്ഞു.
ഭക്ഷ്യസുരക്ഷ, ബാർബർ ജോലി അല്ലെങ്കിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റു ജോലികൾക്കുള്ളതാണ് ബോധവത്കരണ പ്രോഗ്രാമുകൾ. ഹജ്ജ് സീസണിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ജോലിയിലേർപ്പെടുന്നവർ ഈ പ്രോഗ്രാമിൽ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് നേടിയിരിക്കുകയും ചെയ്യൽ നിർബന്ധമാണ്.
ഈ ഹിജ്റ വർഷാവസാനം വരെ സർട്ടിഫിക്കറ്റിന് കാലാവധിയുണ്ടായിരിക്കണം. നഗരസഭ ഒരുക്കുന്ന കേന്ദ്രത്തിൽ വെച്ചായിരിക്കും പരിശീലനം നടക്കുകയെന്നും വക്താവ് പറഞ്ഞു. ആരോഗ്യ, ഭക്ഷണരംഗത്തെ സേവനങ്ങൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങൾ എന്നിവ സുരക്ഷിതവും ആരോഗ്യകരവുമായ രീതിയിൽ നൽകാനും തീർഥാടകരുടെ സുരക്ഷക്കായി നഗരസഭ കാണിക്കുന്ന ശ്രദ്ധയുടെയും താൽപര്യത്തിന്റെയും ഭാഗമാണിതെന്നും വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.