മക്ക: പുണ്യഭൂമിയിലെത്തി ഉംറ നിർവഹിച്ച സന്തോഷത്തിലും നിർവൃതിയിലുമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മക്കയിലെത്തിയ ആദ്യ മലയാളി ഹാജിമാർ.
ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ സന്നദ്ധസംഘടന വളന്റിയർമാരുമാണ് ഹാജിമാരെ ഉംറ നിർവഹിക്കാനായി ഹറമിലെത്തിച്ചത്. താമസസ്ഥലമായ അസീസിയയിൽനിന്ന് ഹാജിമാർ ഹജ്ജ് മിഷൻ ഒരുക്കിയ പ്രത്യേക ബസുകളിലാണ് ഹറമിലെത്തിയത്. അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകാൻ മനസ്സും ശരീരവും പാകപ്പെടുത്തി പുണ്യഭൂമിയിൽ എത്തിയ മലയാളി തീർഥാടകർ മക്കയും കഅ്ബയും വിശുദ്ധ ഹറമും ആദ്യമായി കണ്ണുനിറയെ കണ്ടു, ഇരുകൈകൾ മുകളിലേക്കുയർത്തി പ്രാർഥിച്ചു.
പ്രാർഥനാനിർഭരമായ മനസ്സും നിറകണ്ണുകളുമായി വികാരഭരിതരായി അവർ ദൈവഗേഹത്തിന്റെ അങ്കണത്തിൽ ആദ്യ ചുവടുകൾ വെച്ചു. യാത്രാക്ഷീണം വകവെക്കാതെ ഇഹ്റാം വസ്ത്രമണിഞ്ഞ് ചുണ്ടിൽ തൽബിയത്ത് വിളികളുമായി കഅ്ബയുടെ ചാരത്ത് അണഞ്ഞു. ആദ്യ ഉംറ നിർവഹിച്ചപ്പോൾ ജീവിതം സഫലമായ ആത്മനിർവൃതിയിലായിരുന്നു ഹാജിമാരെല്ലാം.
നാട്ടിൽനിന്നും മദീനയിൽനിന്നും യാത്ര കഴിഞ്ഞെത്തുന്ന ഹാജിമാർക്ക് ഹജ്ജ് സർവിസ് കമ്പനികൾ ഭക്ഷണം നൽകുന്നുണ്ട്. കൂടാതെ മലയാളി സന്നദ്ധപ്രവർത്തകരുടെ വക നാടൻ കഞ്ഞിയും മറ്റു കേരള ഭക്ഷണങ്ങളും ലഭിക്കുന്നത് ഉംറ നിർവഹിക്കാൻ പോകുന്ന ഹാജിമാർക്ക് ഏറെ ആശ്വാസമാവുന്നുണ്ട്.
ആദ്യദിനം പല ഹാജിമാരും വഴിതെറ്റി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വളന്റിയർമാരാണ് ഇവരെ റൂമുകളിൽ എത്തിച്ചത്. ഹജ്ജ് മിഷൻ ഹറം ട്രാക്ക് ഫോഴ്സ് വളന്റിയർമാർ പ്രധാന കവാടങ്ങളിൽ സേവനത്തിനുണ്ട്. മലയാളി സന്നദ്ധസംഘടന വളന്റിയർമാരും ഹറമിന്റെ പരിസരങ്ങളിലും അസീസിയയിലും സേവനത്തിന് മുഴുസമയവും ഉണ്ട്. ജോലിസമയം കഴിഞ്ഞ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്.
ഞായർ, തിങ്കൾ ദിവസങ്ങളിൽ ആറ് വിമാനങ്ങളിലായി 870 മലയാളി ഹാജിമാർ ഇതുവരെ മക്കയിലെത്തി. ഞായറാഴ്ച എത്തിയ 435 ഹാജിമാരും രാത്രിയോടെ ഉംറ കർമം പൂർത്തിയാക്കി താമസ സ്ഥലത്തെത്തി.
തിങ്കളാഴ്ച കരിപ്പൂരിൽനിന്ന് മാത്രമായിരുന്നു ഹാജിമാരെയും വഹിച്ചുള്ള വിമാനങ്ങൾ. രാവിലെ 8 .25, ഉച്ചക്ക് 12.30, രാത്രി 10.25 എന്നീ സമയങ്ങളിലാണ് വിമാനങ്ങൾ ജിദ്ദ ഹജ്ജ് ടെർമിനലിൽ ഇറങ്ങിയത്. ഇന്ന് കരിപ്പൂരിൽനിന്ന് രണ്ട് വിമാനങ്ങളിലും കണ്ണൂരിൽനിന്ന് ഒരു വിമാനത്തിലും ഹാജിമാർ ജിദ്ദയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.