മക്ക: ഹാജിമാര്‍ ഹജ്ജിനായി ഒത്തു കൂടുന്ന മിനാ താഴ്‌വാരത്തിൽ ഇത്തവണ ആളനക്കം നന്നെ കുറയും. ലക്ഷങ്ങളെ സ്വീകരിക്കാറുള്ള മിനാ താഴ്വരയിൽ ഇക്കുറിഎത്തുന്നത് ആയിരത്തോളം ഹാജിമാർ മാത്രം. നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ തീർഥാടകർ എത്തുന്ന ഹജ്ജിനാണ് ബുധനാഴ്ച തുടക്കം കുറിക്കുന്നത്.
ദുൽഹജ്ജ് ഏഴ് രാത്രി മുതൽ മക്കയിലെ ഓരോ കൈവഴിയും പാൽകടലായി മിനായിലേക്ക് ഒഴുകിയെത്താറാണ് പതിവ്. വഴിനീളെ വഴികാട്ടാൻ ആളുണ്ടാകും. ബസുകളിലും ട്രെയിനുകളിലുമായവർ വിശ്വ മഹാസംഗമത്തിൽ ലയിച്ചു ചേരും. എന്നാൽ ഇന്ന് ആളും അനക്കവും ഇല്ല. വിജനത തളംകെട്ടി നിൽക്കുകയാണ് മിനാ താഴ്‌വരയിൽ. വിരലിലെണ്ണാവുന്ന തീർഥാടകരെ മാത്രമാണ് ഇത്തവണ ഹജ്ജിന് അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം തമ്പുകളാണ് മിനാ താഴ്‌വാരയിലുള്ളത്. ഹജ്ജിന് എത്താൻ കൊതിച്ച് എന്നാൽ അതിന് ഇത്തവണ കഴിയില്ല എന്നറിഞ്ഞിട്ടും അത് ഉൾക്കൊള്ളാനാവാതെ ലക്ഷക്കണക്കിന് വിശ്വാസികളാണ് മഹാമാരി കാലത്ത് പ്രാർഥനയോടെ വീടുകളിൽ കഴിയുന്നത്.
ഇവരെ പ്രതിനിധീകരിച്ച് സൗദിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 160 രാജ്യക്കാരായ വിരലിലെണ്ണാവുന്ന തീർഥാടകരാണ് ക്വാറൻറീനും കോവിഡ് ടെസ്റ്റും കഴിഞ്ഞ് ഹജ്ജിൻറെ ഭാഗമാകാനൊരുങ്ങിയിരിക്കുന്നത്. ബുധനാഴ്ച വൈകീേട്ടാടെ ഇവർ മിനായിൽ എത്തും. മിനായിൽ പ്രത്യേകം ഒരുക്കിയ കെട്ടിടങ്ങളിലാണ് ഇവർക്ക് താമസം. കുറഞ്ഞ ഹാജിമാർക്ക് ജംറയ്ക്ക് അടുത്തുള്ള തമ്പുകളിലും താമസം ഒരുക്കിയിട്ടുണ്ട്. ഹജ്ജ് മന്ത്രാലയം ഏർപ്പെടുത്തിയ പ്രത്യേകം ബസിൽ മാത്രമായിരിക്കും ഹാജിമാരുടെ യാത്രകൾ. മിനായിൽ രാത്രി താമസിക്കുന്ന ഹാജിമാർ വ്യാഴാഴ്ച ഉച്ചയോടെ അറഫയിലേക്ക് പുറപ്പെടും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾ മുഴുവൻ ക്രമീകരിച്ചിട്ടുള്ളത്. ഹാജിമാരുടെ ആരോഗ്യ പരിശോധനകൾക്കായി വിവിധ വിഭാഗങ്ങളായി ആരോഗ്യ പ്രവർത്തകരും ഹാജിമാരോടൊപ്പം നിലയുറപ്പിക്കും. ഹജ്ജിെൻറ ആത്മാവിന് കോട്ടംതട്ടാത്ത ക്രമീകരണങ്ങളാണ് ഒരുക്കുക എന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.