ജിദ്ദ: ഹജ്ജ് തീർഥാടനത്തിനെത്തുന്നവരെ കാത്തിരിക്കുന്നത് നൂതന സാങ്കേതിക സംവിധാനങ്ങൾ. തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും അനുഷ്ഠാനങ്ങൾ എളുപ്പമാക്കുന്നതിനും നിരവധി ആപ്ലിക്കേഷനുകളും ഉപകരണങ്ങളുമാണ് ഇരുഹറം കാര്യാലയവും ഹജ്ജ് മന്ത്രാലയവും ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഭാഗം കൂടിയാണിത്. ഇതിലേറ്റവും എടുത്തു പറയേണ്ടതാണ് കോവിഡ് സാഹചര്യത്തിൽ മസ്ജിദുൽ ഹറാമിൽ അണുമുക്തമാക്കുന്നതിനും സംസം വിതണത്തിനും ഈ വർഷം സ്ഥാപിച്ച സ്മാർട്ട് റോബോർട്ടുകൾ. ഓട്ടോമേറ്റഡ് കൺട്രോൾ സംവിധാനത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. രോഗവ്യാപനം തടയുന്നതിനും ആരോഗ്യകരമായ അന്തരീക്ഷമൊരുക്കുന്നതിലും സ്വയം അണുമുക്തമാക്കുന്ന ഈ ഉപകരണങ്ങൾ വലിയ സേവനമാണ് ചെയ്യുന്നത്.
ആളുകളുടെ സമ്പർക്കമില്ലാതെ സംസം വിതരണത്തിനു ഒരുക്കിയ സ്മാർട്ട് റോബോർട്ട് അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. ഒരോന്നിലും 30 ബോട്ടിൽ സംസം ഉൾക്കൊള്ളാൻ കഴിയും. ഇത് എട്ട് മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കും. മറ്റൊന്ന് പ്രായം കൂടിയവർക്കും ഭിന്നശേഷിക്കാർക്കും ഉന്തുവണ്ടികൾ ബുക്ക് ചെയ്യുന്നതിനു ഒരുക്കിയ 'തനക്കുൽ' ആപ്ലിക്കേഷനാണ്. ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഉന്തുവണ്ടി ബുക്ക് ചെയ്യാനും ടിക്കറ്റ് വാങ്ങിക്കാനും തീർഥാടകർക്ക് ഇതിലൂടെ സാധിക്കും. കോവിഡ് സാഹചര്യത്തിൽ ആളുകളുമായി സമ്പർക്കം പുലർത്താതെ ഉന്തുവണ്ടി ബുക്കിങ് നടപടികൾ പൂർത്തിയാക്കാൻ ഇതു സഹായിക്കുന്നു. ഇതിനകം നിരവധി പേരാണ് ഈ സേവനം ഉപയോഗപ്പെടുത്തിയത്. ഹറമൈൻ മുസ്ഹഫ് ആപ്ലിക്കേഷൻ, ദിക്റുകളുടെയും പ്രാർഥകളുടെയും ആപ്ലിക്കേഷൻ, ഇലക്ട്രോണിക് നാവിഗേഷൻ സംവിധാനത്തിലൂടെ മസ്ജിദുൽ ഹറാമിലെ ഏത് സ്ഥലവും കണ്ടെത്താൻ കഴിയുന്ന 'മക്സദ്' ആപ്ലിക്കേഷൻ എന്നിവയും അടുത്തിടെ ഒരുക്കിയ സേവനങ്ങളാണ്.
നൂതന സസാങ്കേതികവിദ്യ പ്രയോജപ്പെടുത്തി പുതിയ പല സേവനങ്ങളും തീർഥാടകർക്ക് ഹജ്ജ് മന്ത്രാലയവും ഒരുക്കിയിട്ടുണ്ട്. ഇതിലേറ്റവും മുമ്പിൽ നിൽക്കുന്നതാണ് അടുത്തിടെ മക്ക ഗവർണർ ഉദ്ഘാടനം ചെയ്ത ഹജ്ജ് സ്മാർട്ട് കാർഡ്. പുണ്യസ്ഥലങ്ങളിൽ താമസസ്ഥലത്തേക്കും പുറത്തേക്കും പുറപ്പെടുന്ന സമയം അറിയാനും ഒത്തുചേരുന്ന സ്ഥലങ്ങൾ മനസിലാക്കാനും സഹായിക്കുന്നതാണിത്. ദൈനംദിന ഭക്ഷണം തെരഞ്ഞെടുക്കാനും പ്രാപ്തമാക്കുന്നു.
പച്ച, ചുവപ്പ്, മഞ്ഞ, നീല എന്നീ നിറത്തിലുള്ള സ്മാർട്ട് കാർഡുകളെ പുണ്യസ്ഥലങ്ങളിലെ താമസ കേന്ദ്രവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് ഗേറ്റുകളിലൂടെ പ്രവേശിക്കുമ്പോൾ ഉപയോഗിക്കാൻ സാധിക്കും. തീർഥാടകന്‍റെ എല്ലാ യാത്ര ഷെഡ്യൂകളും വ്യക്തിഗത വിവരങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. വഴിതെറ്റുമ്പോൾ താമസ കേന്ദ്രങ്ങളിലെത്തിക്കാനും സാധിക്കുന്നതാണ് പുതിയ ഹജ്ജ് സമാർട്ട് കാർഡ്.
ജിദ്ദ: മസ്ജിദുൽ ഹറാമും മുറ്റങ്ങളും തീർഥാടകരെ സ്വീകരിക്കാൻ സജ്ജമായതായി ഹജ്ജ് സുരക്ഷ സേന അസിസ്റ്റൻറ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽബസാമി പറഞ്ഞു. ജൂലൈ 17 ശനിയാഴ്ച മുതൽ തീർഥാടകരെത്തി തുടങ്ങും. ഹറമിനടുത്ത് അജിയാദ്, കിങ് അബ്ദുൽ അസീസ് ഗേറ്റ്, ഷുബൈക എന്നീ സ്റ്റേഷനുകളിലൂടെയാണ് തീർഥാടകരെത്തുക. ഒരോ സ്റ്റേഷനുകളിലെത്തുന്നവർക്കും ആരോഗ്യ മുൻകരുതൽ പാലിച്ച് ത്വവാഫിനായി ഹറമിലേക്ക് പ്രവേശിക്കാൻ പ്രത്യേക പാതകൾ ഒരുക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി സഹകരിച്ച് ഹറമിനകത്തും പുറത്തും തീർഥാടകർക്ക് സേവനം നൽകന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഹജ്ജ് അനുമതിപത്രമില്ലാത്തവരെ ഹറമിനടുത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. സുരക്ഷ ഉദ്യോഗസ്ഥർക്ക് ലഭ്യമായ ഉപകരണം വഴി അനുമതിപത്രം സാേങ്കതികമായി വായിക്കാൻ കഴിയുമെന്നും ഹജ്ജ് സുരക്ഷ സേന അസിസ്റ്റൻറ് കമാൻഡർ പറഞ്ഞു.
മക്ക: ഹജ്ജ് വേളയിലെ മീഡിയ സെൻറർ സജ്ജമായി. ഹജ്ജ് സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ലോകത്തെ അറിയിക്കുന്നതിനായി നൂതനമായ സംവിധാനങ്ങളാണ് മീഡിയ ഓപ്പറേഷൻ റൂമിൽ വാർത്ത മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. വെർച്വൽ മീഡിയ സെൻററും പത്രസമ്മേളനങ്ങളുടെ ആസ്ഥാനവും ഉൾപ്പെടുന്നതാണ്
ഓപറേഷൻസ് റൂം. 30ലധികം പേർ കേന്ദ്രത്തിൽ ജോലിക്കായുണ്ട്. ഹജ്ജ് വാർത്തകൾ നൽകുന്നതുമായ ബന്ധപ്പെട്ട് വെർച്വൽ മീഡിയ കേന്ദ്രത്തിനു കീഴിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോം സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള 600 ലധികം മാധ്യമ പ്രവർത്തകർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജിദ്ദ: ഹജ്ജ് തീർഥാടകർ കൂടെ കരുതേണ്ട കാര്യങ്ങൾ ഉണർത്തി ആരോഗ്യ മന്ത്രാലയം. ആരോഗ്യ സുരക്ഷ കണക്കിലെടുത്തും കോവിഡ് ബാധയിൽ നിന്ന് സ്വയം സുരക്ഷക്കും വേണ്ടിയാണ് നിർദേശം. കൈകൾ അണുമുക്തമാക്കുന്നതിനു സാനിറ്റൈസർ, മാസ്കുകൾ, തൂവാലകൾ, നമസ്കാര വിരിപ്പ് എന്നിവ ബാഗുകളിൽ കുടെ കൊണ്ടുപോകാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.