ജിദ്ദ: ഹജ്ജിന് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കുന്നത് തടയാൻ 40 ചെക്ക് പോയിൻറുകൾ മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയതായി മക്ക മേഖല പൊലീസ് ദൗത്യസേന മേധാവി കേണൽ അബ്ദുൽലത്തീഫ് അബ്ദുല്ല അൽശത്രി. ഹജ്ജ് അനുമതി പത്രമില്ലാത്തവരെ കൊണ്ടുവരുന്നവർക്കെതിരെയും ശിക്ഷാനടപടികളുണ്ടാകും. നുഴഞ്ഞുകയറ്റം തടയാൻ ദുൽഹജ്ജ് മുതൽ പുണ്യസ്ഥലങ്ങൾക്ക് ചുറ്റും പൊലീസ് സംഘങ്ങളെ നിയോഗിക്കും. വ്യാജ അനുമതി പത്രങ്ങൾ കണ്ടുപിടിക്കാൻ അത്യാധുനിക ഉപകരണങ്ങൾ ചെക്ക് പോയിൻറുകളിലൊരുക്കിയിട്ടുണ്ട്. വ്യാജ അനുമതി പിടിക്കപ്പെട്ടാൽ പിന്നിൽ വർത്തിച്ചവരേയും പിടികൂടും. 72 വ്യാജ ഹജ്ജ് സ്ഥാപനങ്ങൾ ഇതിനകം പിടികൂടിയിട്ടുണ്ട്. 93 പേരെ പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയതായും പൊലീസ് ദൗത്യസേനാ മേധാവി പറഞ്ഞു.
അതേ സമയം, ഹജ്ജിന് തസ്രീഹ് നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുകയും പത്ത് വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്ന് പൊതുസുരക്ഷ വിഭാഗം വ്യക്തമാക്കി. ഹജ്ജിന് ഒരോ വിദേശിയും അനുമതി പത്രം നേടിയിരിക്കുകയും പ്രവേശന കവാടങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് മുമ്പാകെ കാണിക്കുകയും വേണം. അനുമതിപത്രമില്ലാത്തവരെ കൊണ്ടുവരുന്ന സ്വദേശികൾക്ക് പിഴയും ശിക്ഷയുമുണ്ടാകുമെന്നും വാഹനം പിടിച്ചെടുക്കുമെന്നും പൊതുസുരക്ഷ വിഭാഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.