മക്ക: പ്രാർഥനകളിൽ കഴുകിയെടുത്ത ഹൃദയവുമായി ഹാജിമാർ മിനായിലെ കൂടാരങ്ങളിലേക്ക് എത്തിയതോടെ ഹജ്ജിന് തുടക്കമായി. വ്യാഴാഴ്ച അറഫയിൽ സംഗമിച്ച് സായുജ്യമടയാനുള്ള മാനസിക തയാറെടുപ്പിലാണ് 20 ലക്ഷത്തിലധികം തീർഥാടകർ. ചൊവ്വാഴ്ച രാത്രി മുതൽ ഹജ്ജിെൻറ ലളിതവസ്ത്രമണിഞ്ഞ്, ലബ്ബൈക്ക ചൊല്ലി, ഋജുമാനസരായി അവർ കർമഭൂമിയായ മിനാ താഴ്വരയിലേക്ക് ഒഴുകുകയായിരുന്നു. മലയാളികളുൾപ്പെടെ ഇന്ത്യൻ ഹാജിമാർ രാത്രി എട്ടുമണിയോടെയാണ് നീങ്ങിത്തുടങ്ങിയത്.
മിനയിൽ ഇന്ത്യൻ ഹാജിമാർക്കുള്ള എല്ലാ സൗകര്യങ്ങളും സജ്ജമായതായി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഹജ്ജിെൻറ സുപ്രധാന കർമമായ അറഫ സംഗമം വ്യാഴാഴ്ചയാണ്. ഉപമകളില്ലാത്ത മനുഷ്യമഹാ സംഗമത്തിനാണ് അറഫ മൈതാനം ഒരിക്കൽകൂടി സാക്ഷിയാവുക. അല്ലാഹുവിെൻറ ഇഷ്ടദാസ്യം നേടാനുള്ള തേട്ടവുമായാണ് ഒാരോ തീർഥാടകനും ദൈവത്തിെൻറ ദർബാറിൽ ഹാജരാവുക.
ചരിത്രമുറങ്ങുന്ന ജബലുർറഹ്മയുടെ താഴ്വാരം അല്ലാഹുവിെൻറ വിരുന്നുകാരുടെ മിഴിനീരിൽ കുതിർന്ന പ്രാർഥനകൾക്ക് കാതോർക്കുകയാണ്. അറഫ കഴിഞ്ഞ് ഒരു രാത്രി മുസ്ദലിഫയിൽ ചെലവഴിച്ച്, വീണ്ടും നാലു ദിവസം മിനായിലെ തമ്പുകളിൽ താമസിച്ചാണ് ഹാജിമാർ മറ്റു കർമങ്ങൾ പൂർത്തിയാക്കുക.
ഇത്തവണ കഴിഞ്ഞ വർഷത്തെക്കാൾ നാലു ലക്ഷത്തിലേറെ വിദേശ ഹാജിമാർ അധികമുണ്ട് എന്ന് സൗദി പാസ്പോർട്ട് വിഭാഗം മേധാവി വ്യക്തമാക്കിയിരുന്നു. 9,30,000 പുരുഷന്മാരും 8,04,000 വനിതകളുമാണ് വിദേശ രാജ്യങ്ങളിൽനിന്ന് ബുധനാഴ്ച ഉച്ചവരെ ഹജ്ജിന് എത്തിയത്. ഇന്ത്യൻ ഹജ്ജ് സൗഹൃദസംഘത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും ബി.ജെ.പി വക്താവ് സയ്യിദ് മുസഫർ ഇസ്ലാമും മക്കയിലെത്തിയിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.