ജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇൗ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായതോടെ പ്രാർഥനയിൽ മുഴുകി തീർഥാടകർ. കോവിഡ് പശ്ചാത്തലത്തിൽ കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച്, രാജ്യത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്വദേശികളും വിദേശികളുമായ 1000ഒാളം തീർഥാടകരാണ് മിനയിലെ അബ്റാജ് മിന കെട്ടിടത്തിൽ പ്രാർഥനാനിരതായി കഴിയുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് തീർഥാടകർ മിനയിലെത്തിയത്. ത്വാഇഫിനടുത്ത് സൈലുൽ കബീർ മീഖാത്തിൽ വെച്ചാണ് ഇഹ്റാമിൽ പ്രവേശിച്ചത്. മക്കയിലെ ഫോർപോയിൻറ് ഹോട്ടലിൽ താമസിപ്പിച്ചിരുന്ന തീർഥാടകരെയും മിനയിലെ അബ്റാജ് മിന കെട്ടിടത്തിൽ ചൊവ്വാഴ്ച രാത്രിയിലെത്തിയ തീർഥാടകരെയും ബുധനാഴ്ച പുലർച്ചെ ആറോടെയാണ് കർശനമായ ആരോഗ്യമുൻകരുതൽ പാലിച്ച് മീഖാത്തിലെത്തിച്ചത്.
അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മീഖാത്തിലേക്ക് പ്രത്യേക ബസുകളിൽ തീർഥാടകർ യാത്ര തിരിച്ചത്. ഒരോ ഗ്രൂപ്പിലും 10ബസുകളാണുണ്ടായിരുന്നത്. ഡോക്ടർമാരുടെ സംഘവും കൂടെയുണ്ട്. ഇഹ്റാമിൽ പ്രവേശിച്ച തീർഥാടകർ പിന്നീട് ത്വാവാഫുൽ ഖുദുമിനും (ആഗമന ത്വവാഫ്) സഅ്ഇനുമായി മസ്ജിദുൽ ഹറാമിലെത്തി. അതിന് ശേഷം ഉച്ചയോടെ മിനായിലെ താമസസ്ഥലത്തെത്തി. മിനയിൽ ‘അബ്റാജ് മിന’ കെട്ടിടങ്ങളിലാണ് തീർഥാടകർക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. നിരവധി പേർക്ക് താമസിക്കാൻ സൗകര്യമുള്ള ഇൗ കെട്ടിട സമുച്ചയം ജംറക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. കെട്ടിടങ്ങൾ ഇടയ്ക്കിടെ അണുമുക്തമാക്കുന്നതിനും പ്രദേശത്ത് ചുട് കുറയ്ക്കുന്നതിനും വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.