സൗദിക്കകത്തുള്ളവർക്ക് ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; ഹജ്ജ് പാക്കേജുകളും നിലവിൽ വന്നു

ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടാൻ സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കുന്നതിനുള്ള ഇലക്രോണിക് വെബ് പോർട്ടൽ നിലവിൽ വന്നു. https://localhaj.haj.gov.sa/LHB എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂൺ 23 ബുധനാഴ്ച രാത്രി 10 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും.

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക മുൻഗണനയൊന്നും ഉണ്ടാകില്ല. 18നും 65 വയസ്സിനും ഇടയിൽ പ്രായമുള്ള കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ ഹജ്ജ് നിർവഹിക്കാത്തവരായിരിക്കണം. വിട്ടുമാറാത്ത രോഗങ്ങളിൽനിന്ന് മുക്തമായിരിക്കണം.

കോവിഡിനെതിരെ രോഗപ്രതിരോധം നേടിയവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ ജൂൺ 25 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വീണ്ടും മന്ത്രാലയത്തിൻെറ വെബ്സൈറ്റ് സന്ദർശിച്ച് തങ്ങൾക്കനുയോജ്യമായ ഹജ്ജ് പാക്കേജ് തെരഞ്ഞെടുത്ത് വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.

മൂന്ന് വിഭാഗം ഹജ്ജ് പാക്കേജുകളും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മിനായിലെ ടവർ ബിൽഡിങ്ങിൽ താമസസൗകര്യമുള്ള പാക്കേജിന് 16,560.50 റിയാൽ ആണ് നിരക്ക്. മിനായിലെ തമ്പുകളിൽ താമസ സൗകര്യമുള്ള രണ്ട് പാക്കേജുകളുണ്ട്. ഇതിൽ ഒന്നാം പാക്കേജിന് 14,381.95 റിയാലും രണ്ടാം പാക്കേജിന് 12,113.95 റിയാലുമാണ് നിരക്കുകൾ. 15 ശതമാനം നികുതി ഉൾപ്പെടാതെയുള്ള നിരക്കുകളാണിത്. നികുതി കൂടി ഉൾപ്പെടുത്തുമ്പോൾ പാക്കേജുകളുടെ നിരക്കുകൾ യഥാക്രമം 19,044.57, 16,539.24, 13,931.04 എന്നിങ്ങനെയാണ്.

കൃത്യമായ കോവിഡ് മുൻകരുതലുകൾ പാലിച്ചുകൊണ്ട് ബസിലായിരിക്കും തീർത്ഥാടകരുടെ യാത്രകൾ. ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല. തീർത്ഥാടകരുടെ ശരീരോഷ്മാവ് നിരന്തരം പരിശോധിക്കാനായി മിനായിൽ മെഡിക്കൽ സംഘം ക്യാമ്പ് ചെയ്യും. പുണ്യനഗരിയിലുള്ള മൂന്ന് അടക്കം 13 ആശുപത്രികളാണ് തീർത്ഥാടകർക്കായി സജ്ജീകരിക്കുക. 

Tags:    
News Summary - Hajj registration for Saudi begins; Lasts ten days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.