സൗദിയിൽ നിന്നുള്ള ഇത്തവണത്തെ ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായി

ജിദ്ദ: സൗദിയിൽ നിന്ന്  ഇത്തവണത്തെ ഹജ്ജിൽ പങ്കാളികളാവാനുദ്ദേശിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കുമുള്ള ഹജ്ജ് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. https://localhaj.haj.gov.sa എന്ന വെബ്‌സൈറ്റ് വഴിയോ നുസ്‌ക് ആപ്ലിക്കേഷൻ വഴിയോ ആണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. നാല് കാറ്റഗറികളായി തിരിച്ച ഹജ്ജ് പാക്കേജുകൾക്ക് വ്യത്യസ്ത തുകയാണ് അടക്കേണ്ടത്.

രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുമ്പോൾ തെരഞ്ഞെടുക്കുന്ന പാക്കേജ് തുക അടച്ചാൽ മാത്രമേ രജിസ്‌ട്രേഷൻ പരിപൂർണമാവൂ. വാറ്റ് ഉൾപ്പെടെ റിയാൽ 3,984.75 (എക്കണോമിക്), 8092.55 (മിന ടെന്റ്), 10366.10 (മിനായിൽ കൂടുതൽ സൗകര്യത്തോടെയുള്ള ടെന്റ്), 13,150.25 (മിന ടവർ) എന്നിങ്ങനെയാണ് നാല് കാറ്റഗറിയിലുള്ള ഹജ്ജ് പാക്കേജുകൾ. ഏറ്റവും കുറഞ്ഞ 4,099.75 റിയാൽ എക്കണോമിക് പാക്കേജിൽ മിനായിൽ തമ്പ് സൗകര്യം ഉണ്ടായിരിക്കില്ല. അറഫ, മുസ്ദലിഫ തുടങ്ങിയ പ്രദേശങ്ങളിൽ പരിമിതമായ യാത്രാ, താമസ സൗകര്യങ്ങൾ ഉണ്ടായിരിക്കും. 8,092.55, 10,366.10 റിയാൽ പാക്കേജുകളിൽ മിന, അറഫ എന്നിവിടങ്ങളിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള ടെന്റ്, ഭക്ഷണം, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയവ ഉണ്ടാവും. 13,265.25 റിയാൽ പാക്കേജിൽ മിനായിലെ താമസം, ജംറകളുടെ അടുത്തുള്ള ടവർ കെട്ടിടത്തിലായിരിക്കും. അറഫയിൽ പ്രത്യേകം ടെന്റും മറ്റു സൗകര്യങ്ങളും ഉണ്ടായിരിക്കും. തീർത്ഥാടകൻ മക്കയിൽ എത്തുന്നതുവരെയുള്ള ട്രാൻസ്‌പോർട്ടേഷൻ ഫീ നാല് കാറ്റഗറിയിലും ഉണ്ടായിരിക്കില്ല.

ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർക്കാണ് രജിസ്ട്രേഷനിൽ മുൻഗണന, മഹ്റം വിഭാഗത്തെ ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കൂടെ ഹജ്ജിന് ഉദ്ദേശിക്കുന്ന 14 വരെ സഹയാത്രികരെ ഒന്നിച്ചു രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സമയത്ത് 'കൂടെയുള്ളവരെ ചേർക്കുക' എന്ന ഫീൽഡ് ഉപയോഗിച്ചാണ് ഇവരെ ചേർക്കേണ്ടത്. എന്നാൽ എല്ലാവരും ഒരു കാറ്റഗറിയും ഒരേ ഉംറ, ഹജ്ജ് സേവന സ്ഥാപനവും മാത്രമേ തെരഞ്ഞെടുക്കാവൂ. തീർഥാടകൻ ആരോഗ്യവാനായിരിക്കണം, പകർച്ചവ്യാധികൾ ഉണ്ടാകരുത്. മുൻ റിസർവേഷൻ റദ്ദാക്കാതെ മറ്റൊരു രജിസ്ട്രേഷൻ നടത്താൻ സാധിക്കില്ല.

രജിസ്റ്റർ സമയത്ത് നൽകിയ മൊബൈൽ നമ്പറിൽ മറ്റ് രജിസ്ട്രഷൻ അനുവദനീയമല്ല. റിസർവേഷൻ റദ്ദാക്കപ്പെടാതിരിക്കാൻ ഹജ്ജ് കമ്പനിയുടെ തെരഞ്ഞെടുത്ത പാക്കേജിൻ്റെ വില പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ അടച്ചിരിക്കണം. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുമ്പോൾ കൊടുത്തിരിക്കുന്ന മൊബൈലിൽ പാക്കേജ് ഫീ അടക്കാനുള്ള മെസേജ് വരും. ഈ മെസേജ് അനുസരിച്ചു പേയ്മെന്റ് ഒന്നിച്ചോ ഗഡുക്കളായോ അടക്കാനുള്ള സൗകര്യം ഉണ്ടാവും.

പേയ്‌മെന്റ് പൂർണമായും അടച്ച ശേഷം തീർത്ഥാടകൻ ഹജ്ജ് പെർമിറ്റ് അബ് ഷീർ മുഖേന ക്യൂ.ആർ കോഡ് സഹിതം പ്രിൻ്റ് എടുത്തു സൂക്ഷിക്കുകയും ഹജ്ജ് സമയത്ത് അത് തീർത്ഥാടകന്റെ പക്കൽ സൂക്ഷിക്കുകയും വേണം. ഹജ്ജ് ബുക്കിങ് പോർട്ടലിലോ നുസ്‌ക് ആപ്ലിക്കേഷനിലോ കാണിച്ചിരിക്കുന്ന പാക്കേജിൻ്റെ വിലയല്ലാതെ ഹജ്ജ് സർവിസ് കമ്പനിക്ക് മറ്റു അധിക ഫീസൊന്നും നൽകേണ്ടതില്ല. ഹജ്ജ് സർവിസ് കമ്പനിയെക്കുറിച്ചു എന്തെങ്കിലും പരാതി ഉള്ളവർക്ക് 920002814 എന്ന നമ്പറിലോ care@haj.gov.sa എന്ന ഇമെയിലിലോ പരാതിപ്പെടാമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Hajj registration started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.