ജിദ്ദ: ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച് അനുമതി പത്രമില്ലാത്ത തീർഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ആവർത്തിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഹജ്ജ് ദിനങ്ങൾ അടുത്തതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. മന്ത്രാലയത്തിെൻറ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഇത് സംബന്ധിച്ച് വിവിധ ഭാഷകളിൽ ബോധവത്കരണം ആരംഭിച്ചു. ഇംഗ്ലീഷ്, ഉർദു, ഫിലിപ്പീൻസ്, ബംഗാളി, ഇന്തോനേഷ്യൻ, നൈജിരീയൻ എന്നീ ഭാഷകളിലാണ് അനുമതിയില്ലാത്ത തീർഥാടകരെ പുണ്യസ്ഥലങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നവർക്ക് ലഭിക്കുന്ന പിഴയും ശിക്ഷയും സംബന്ധിച്ച വിവരം പരസ്യപ്പെടുത്തുന്നത്. ഹജ്ജ്ദിനങ്ങൾ അടുത്തതോടെ മക്കക്കുള്ളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക് എത്തുന്ന റോഡുകളിലാണ് താൽക്കാലിക ചെക്ക് പോയിൻറുകളേർപ്പെടുത്തി പൊലീസ് പരിശോധന കർശനമാക്കിയിരിക്കുന്നത്.
പുണ്യസ്ഥലങ്ങളിലേക്ക് എത്തുന്ന റോഡുകളിൽ 16 ചെക്ക് പോയിൻറുകൾ നിലവിലുണ്ട്. ഇത്രയും ചെക്ക്പോയിൻറുകളിൽ മുഴുവൻ സമയജോലിക്ക് വേണ്ട ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മതിയായ രേഖകളുള്ളവരെ മാത്രമേ പുണ്യസ്ഥലങ്ങളിലേക്ക് കടത്തിവിടുന്നുള്ളൂ. സാധാരണ ഹജ്ജ് സീസണിൽ മക്ക പ്രവേശന കവാടങ്ങളിലെ ചെക്ക്പോസ്റ്റുകളിലാണ് പരിശോധന കർശനമാക്കുക പതിവെങ്കിൽ ഇത്തവണ മക്കക്കുള്ളിൽ പുണ്യസ്ഥലങ്ങളിലേക്ക് എത്തുന്ന റോഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന ഏർപ്പെടുത്തിയിരിക്കുന്നത്. അനുമതി പത്രമില്ലാതെ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നും മക്കയിലേക്ക് പ്രവേശനം അനുവദീയമാണെന്നും ഹജ്ജ് സെക്യൂരിറ്റി കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ കമാൻഡർ ബ്രിഗേഡിയർ ജനറൽ താരിഖ് ബിൻ അഹമ്മദ് അൽഗബാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ദുൽഹജ്ജ് 12 വരെ ഇതു തുടരും. നിയമം ലംഘിക്കുന്നവർക്ക് ആദ്യതവണ 10,000 റിയാൽ പിഴയും നിയമലംഘനം ആവർത്തിച്ചാൽ ഇരട്ടി പിഴയുമാണ് ശിക്ഷിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.