ജിദ്ദ: സൗദി അറേബ്യയെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ചെറുപ്പം മുതലേ തന്നിൽ ഏറെ പോസിറ്റിവ് എനർജി ഉണ്ടായിട്ടുണ്ടെന്ന് ഡാൻസറും അഭിനേതാവുമായ റംസാൻ മുഹമ്മദ്. ‘ഗൾഫ് മാധ്യമ’വും ‘മീ ഫ്രൻഡ്’ ആപ്പും ചേർന്ന് ജിദ്ദയിൽ ഒരുക്കിയ ‘ഹാർമോണിയസ് കേരള’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
റിയാലിറ്റി ഷോയിലൂടെയും നൃത്തത്തിലൂടെയും പ്രേക്ഷക മനസ്സിൽ ഇടംനേടിയ യുവനർത്തകനും അഭിനേതാവുമായ റംസാൻ മുഹമ്മദിെൻറ പ്രകടനം കാണികൾക്ക് ഏറെ കുളിർമ പകരുന്നതാണ്. സൗദിയിലെത്താൻ അവസരം ലഭിച്ചതും മക്കയിലെത്താനും ഉംറ ചെയ്യാനും മദീന സന്ദർശിക്കാനും കഴിഞ്ഞതും വലിയ സന്തോഷം നൽകിയെന്നും റംസാൻ പറഞ്ഞു. ജീവിതത്തിലെ ഒരു ഭാഗ്യമാണ്.
പരിശുദ്ധ നാടുകളായ മക്കയെക്കുറിച്ചും മദീനയെക്കുറിച്ചും കേൾക്കുമ്പോൾ തന്നെ കൊച്ചുനാൾ മുതൽ ഏറെ വൈകാരികത അനുഭവപ്പെട്ടിരുന്നു. നേരിൽ സന്ദർശിക്കാനും തീർഥാടന പുണ്യം നേടാനും കഴിഞ്ഞു. പ്രവാസികളുടെ പത്രമായ ‘ഗൾഫ് മാധ്യമം’ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അത് കലാപ്രേമികൾ നെഞ്ചേറ്റുന്നത് സ്വാഭാവികമാണ്. മലയാളികളുടെ ഹൃദ്യമായ ഇത്തരം ഒത്തുകൂടലുകൾ ഇനിയും ധാരാളമായി നടക്കണം.
ഇത്തവണത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർ ഇനിയൊരു പരിപാടി ഒരുക്കുമ്പോൾ അതിൽ ഭാഗവാക്കാകാൻ ശ്രദ്ധിക്കണം. അടിപൊളി ‘പെർഫോമൻസു’മായി ഇനിയും സൗദിയിൽ ഞാൻ വരും -റംസാൻ പറഞ്ഞു. റിയാലിറ്റിഷോയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ റംസാൻ ചെറുപ്പം മുതലേ നൃത്തത്തിലും അഭിനയത്തിലും തൽപരനായിരുന്നു. ഡാൻസ് മത്സരങ്ങളിലും മറ്റും ചെറുപ്പം മുതലേ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
‘ലൈഫ് സ്റ്റൈൽ’ റിയാലിറ്റി ഷോയിലൂടെ തിളങ്ങാൻ കഴിഞ്ഞു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സിനിമയിൽ അഭിനയിക്കാനായി. കുറെ കുട്ടികളുടെ കൂടെ മമ്മുക്കയുടെ സിനിമയിൽ ആയിരുന്നു തുടക്കം. പിന്നീട് റിയാലിറ്റി ഷോയിലൂടെയാണ് നൃത്തരംഗങ്ങൾക്കു വേണ്ടി സിനിമകളിൽ അവസരം കിട്ടുന്നത്.
ഏഷ്യാനെറ്റിലെ ‘ബിഗ് ബോസി’ന് ശേഷം കൂടുതൽ അവസരങ്ങൾ തേടിയെത്തി. ഭീഷ്മപർവത്തിനും മറ്റും ശേഷം പുതിയ സിനിമകളിലൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ചില സ്ക്രിപ്റ്റുകൾ റെഡിയാവുന്നുണ്ടെന്നും റംസാൻ പറഞ്ഞു. ഡാൻസ് തന്നെയാണ് എെൻറ അഭിനിവേശം.
ഹൈസ്കൂൾ പഠനകാലത്ത് നാടോടി നൃത്തം, മോണോ ആക്ട്, മൈം തുടങ്ങിയ ഇനങ്ങളിൽ ധാരാളം സമ്മാനങ്ങൾ നേടാൻ സാധിച്ചു. ഇനി കേരളത്തിൽ റിയാലിറ്റി ഷോകളിൽ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിലാണുള്ളത്. പുതിയ ആളുകൾക്ക് അവസരം ലഭിക്കണം. പുതിയ പിള്ളേര് കടന്നുവരണം. അതിനാൽ ഒരു മത്സരാർഥിയായി ഇനി ഞാൻ കേരളത്തിലെ ഒരു റിയാലിറ്റി ഷോയിലും ഉണ്ടാവില്ല.
ഓൾ ഇന്ത്യ തലത്തിലാണെങ്കിൽ ഒരു കൈ നോക്കിയേക്കാമെന്നും റംസാൻ പറഞ്ഞു. പിന്തുണക്കുന്നവരും വിമർശിക്കുന്നവരും നാട്ടുകാരിലും ബന്ധുക്കളിലും ഉണ്ട്. വിമർശനങ്ങളും കുറ്റം പറച്ചിലും മുഖവിലയ്ക്കെടുക്കാതെ പ്രോത്സാഹനങ്ങൾക്കുമാത്രം വിലകൽപിക്കുന്ന രീതി സ്വീകരിച്ചതുകൊണ്ടാണ് മുന്നേറാൻ കഴിഞ്ഞത്. കുറ്റങ്ങൾ ഒഴിവാക്കും. സപ്പോർട്ട് മാത്രം സ്വാഗതം ചെയ്യും.
നമുക്കെന്താണോ ഇഷ്ടം അത് ചെയ്യുക എന്നതായിരിക്കണം നമ്മുടെ തീരുമാനം. നാട്ടുകാരുടെ കുറ്റവും കേട്ട് കലാരംഗത്തുനിന്ന് ഞാൻ മാറിനിന്നിരുന്നുവെങ്കിൽ ഇപ്പോൾ സൗദിയിലെ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കില്ലായിരുന്നു. എെൻറ ചോയിസ് കൊണ്ടുമാത്രം എനിക്ക് കിട്ടിയ അവസരങ്ങളാണ് ഇതെല്ലം.
പ്രവാസി മലയാളികളോടെല്ലാം ഹൃദ്യമായ നന്ദിയും കടപ്പാടുമാണ് എനിക്കു പറയാനുള്ളത്. നമുക്ക് ധാരാളം കലാകാരന്മാർ ഉണ്ട്. അവർക്ക് കിട്ടുന്ന അവസരങ്ങൾ കുറവാണ്. പുതിയ കാലത്ത് സൗദിയിലും പൊതുപരിപാടികൾക്ക് ഏറെ അവസരങ്ങൾ ഉണ്ട് എന്നറിയുന്നതിൽ ഏറെ സന്തോഷമുണ്ട് -റംസാൻ പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.