ദമ്മാം: ‘പഴയതും പുതിയതുമായ മികച്ച ഗാനങ്ങൾ മലയാളത്തിൽ ധാരാളമായുണ്ട്. പഴയ ഗാനങ്ങൾ മനസ്സിന്റെ ആഴത്തിൽ പ്രതിധ്വനിക്കുകയും ജനഹൃദയങ്ങളിൽ കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യുന്നു. എന്നാൽ പുതിയ പാട്ടുകൾക്കും അപാരമായ സാധ്യതകളുണ്ട്. മുൻവിധികളില്ലാതെ എല്ലാ സംഗീതത്തെയും ഞാൻ സമീപിക്കുന്നു; സ്നേഹിക്കുന്നു...’ ദമ്മാമിൽ ‘ഹാർമോണിയസ് കേരളയിൽ’ പങ്കെടുക്കാനെത്തിയ യുവഗായകൻ ശ്രീരാഗ് ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
മലയാള ഗാനശാഖയിലെ പുതുതലമുറയുടെ രോമാഞ്ചമായി ശ്രീരാഗ് മാറിക്കഴിഞ്ഞു. മുൻഗാമികൾ പാടിയ അതുല്യ ഗാനങ്ങൾ അനായാസം പാടി ആസ്വാദകരെ ആനന്ദത്തിൽ ആറാടിക്കാനുള്ള കഴിവാണ് ശ്രീരാഗിനെ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പ്രിയങ്കരനാക്കി മാറ്റിയത്. മലയാള സംഗീത മേഖലയിൽ ഏറ്റവും ആരാധകരുള്ള യുവ ഗായകരിൽ മുന്നിലാണ് ശ്രീരാഗിെൻറ സ്ഥാനം. കുട്ടിക്കാലം മുതലേ അസാമാന്യ പ്രതിഭയായിരുന്ന ശ്രീരാഗ് സംഗീതം നിറഞ്ഞ അന്തരീക്ഷത്തിലാണ് വളർന്നത്.
‘ഓർമവെച്ച കാലം മുതൽ എനിക്ക് സംഗീതം കേൾക്കാൻ ഇഷ്ടമായിരുന്നു’ എന്ന് അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു. തെൻറ കുട്ടിക്കാലം ഈണങ്ങൾക്കും താളങ്ങൾക്കും ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. അധ്യാപകരുടെ പ്രോത്സാഹനത്തിൽ ശ്രീരാഗ് സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. കാലക്രമേണ ആത്മവിശ്വാസം കൂടിക്കൂടി വന്നു. പ്രേക്ഷകരെ അഭിമുഖീകരിക്കാനും കഴിവുകൾ പര്യവേക്ഷണം ചെയ്യാനും അത് ധൈര്യം നൽകി.
സംസ്ഥാന കലോത്സവങ്ങൾ നടക്കുന്ന സമയത്താണ് ശ്രീരാഗ് വലിയ സ്റ്റേജുകളിൽ ഗാനമാലപിക്കാൻ തുടങ്ങിയത്. സംഗീതത്തോടുള്ള ഇഷ്ടം നിലനിൽക്കത്തന്നെ ആലുവയിൽനിന്ന് എൽ.എൽ.ബി പൂർത്തിയാക്കി. എത്ര തിരക്കാണെങ്കിലും ഒരു ദിവസം പോലും പാടുകയോ സംഗീതം കേൾക്കുകയോ ചെയ്യാതെ കടന്നുപോകുന്നില്ല. ഇത് പക്ഷേ എെൻറ കരിയറാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല... അദ്ദേഹം പറഞ്ഞു.
റിയാലിറ്റി ഷോയായ സ്റ്റാർ സിങ്ങറിൽ പങ്കെടുത്തതോടെ ജീവിതമാകെ മാറി മറിഞ്ഞു. കർണാടക സംഗീതത്തിലെ അടിത്തറ ശ്രീരാഗിന്റെ കലാവൈഭവത്തെ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോൾ ശാസ്ത്രീയ സംഗീതത്തോടുള്ള തെൻറ ഇഷ്ടവും സമകാലിക ഗാനങ്ങളോടുള്ള അഭിനിവേശവും ഒരുപോലെ കൊണ്ടുപോകുന്നു. കുടുംബം ശ്രീരാഗിന് അചഞ്ചലമായ പിന്തുണയാണ് നൽകുന്നത്.
വർഷങ്ങളോളം മസ്കത്തിൽ ജോലി ചെയ്തിരുന്ന പിതാവ് ഇപ്പോൾ നാട്ടിലാണ്. ജ്യേഷ്ഠനും കുടുംബവും മസ്കത്തിൽ തുടരുന്നു. ‘എന്റെ യാത്രയിലുടനീളം അവരുടെ പ്രോത്സാഹനം ശക്തിയുടെ നെടുംതൂണായിരുന്നു. സംഗീതത്തിൽ ശ്രീരാഗിന് വലിയ സ്വപ്നങ്ങളുണ്ട്. ഇതിനകം ഏതാനും പാട്ടുകൾ പൂർത്തിയായതിനാൽ മലയാള സിനിമാലോകത്ത് ശ്രദ്ധേയമായ ഒരു വ്യക്തിമുദ്ര പതിപ്പിക്കണമെന്ന് ശ്രീരാഗ് ആഗ്രഹിക്കുന്നു.
‘സംഗീതത്തിന് അർഥവത്തായ എന്തെങ്കിലും സംഭാവന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ആലാപനത്തിന്റെ സന്തോഷം സമാനതകളില്ലാത്തതും നിരവധി തലങ്ങളിൽ ശ്രോതാക്കളിൽ എത്തിച്ചേരുന്നതുമാണ്...’ അദ്ദേഹം ആവേശത്തോടെ പറയുന്നു. ഓരോ സംഗീതസംവിധായകനും തനതായ ശൈലിയുണ്ട്, ഓരോ ഗായകനും പ്രേക്ഷകരുമായി വ്യത്യസ്തമായി ബന്ധപ്പെടുന്നു. അവരുടെ എല്ലാ പ്രവർത്തനങ്ങളെയും ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
സംഗീതത്തോടുള്ള അഭിനിവേശമുള്ള ഒരു കുട്ടി പ്രശസ്ത റിയാലിറ്റി ഷോയുടെ താരമായി തീർന്നതാണ് അർപ്പണബോധത്തിെൻറ ചരിത്രം. സ്ഥിരത വിടാതെയുള്ള പരിശീലനം, സംഗീതത്തോടുള്ള അഗാധമായ സ്നേഹം എന്നിവയാണ് തെൻറ സ്ഥാനം രൂപപ്പെടുത്തിയതെന്ന് ശ്രീരാഗ് വ്യക്തമാക്കുന്നു. ഗൾഫ് മാധ്യമത്തിെൻറ ‘ഹാർമോണിയസ് കേരള’ അതുല്യ അനുഭവമായെന്നും ആദ്യമായി സൗദിയിൽ എത്തിയ ശ്രീരാഗ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.