ജുബൈൽ: സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ ആറാമത് പഠന നഗരങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള സമൂഹത്തിന്റെ വിവിധ തലങ്ങളിൽപ്പെട്ട പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്. കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിൽ സുസ്ഥിര വിദ്യാഭ്യാസത്തിെൻറ പ്രാധാന്യവും സൗദി അറേബ്യയുടെ അതിനോടുള്ള പ്രതിബദ്ധതയെക്കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനം ഇന്നൊരു യാഥാർഥ്യമാണ്. അതുയർത്തുന്ന പ്രതിസന്ധിയെ നേരിടാൻ ഫലപ്രദമായ നയങ്ങൾ രൂപപ്പെടുത്താൻ എല്ലാ തട്ടിലുമുള്ള ആളുകളുടെ പങ്കാളിത്തം ശക്തിപ്പെടണം. ഉയർന്ന ജീവിത നിലവാരം കൈവരിക്കുന്നതിനും സാമൂഹികാവബോധം വളർത്തുന്നതിനും കഴിവുകൾ വർധിപ്പിക്കുന്നതിനും ഈ മാറ്റങ്ങളെ ഉൾകൊള്ളാൻ യുവാക്കളെ ശാക്തീകരിക്കാനും വിദ്യാഭ്യാസത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ‘യുനെസ്കോ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റി അവാർഡ് 2024’ ജേതാക്കളായി യാംബു ഇൻഡസ്ട്രിയൽ സിറ്റി ഉൾപ്പെടെ ലോകമെമ്പാടുമുള്ള 10 നഗരങ്ങളെ പ്രഖ്യാപിച്ചു. ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിക്ക് ശേഷം ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ സൗദി നഗരമാണ് യാംബു. യുനെസ്കോ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റി സംഘടിപ്പിക്കുന്ന സമ്മേളനം ഈ മാസം അഞ്ച് വരെ നീളും.
സമ്മേളനവുമായി ബന്ധപ്പെട്ട് യുനെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ് ലോങ് ലേണിങ് ഡയറക്ടർ ഇസബെൽ കെംഫ് നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുവരെയുള്ള തയ്യാറെടുപ്പുകളെ കുറിച്ചും പരിപാടിയുടെ ലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിച്ചു. മറ്റ് നഗരങ്ങളുമായി വൈദഗ്ധ്യ കൈമാറ്റത്തിന് അനുവദിക്കുകയും സമ്മേളനം സംഘടിപ്പിച്ചതിനും സൗദി അറേബ്യക്കും റോയൽ കമീഷനും കെംഫ് നന്ദി പറഞ്ഞു. യുനെസ്കോയുടെ ഈ നെറ്റ്വർക്കിൽ ഏകദേശം 40 കോടി ആളുകൾ നിത്യേന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിലും സുസ്ഥിര വികസനത്തിലും ജുബൈലിന് പ്രധാന പങ്ക് വഹിക്കാൻ ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ കഴിയുമെന്ന് കോൺഫറൻസ് കമ്മിറ്റി ജനറൽ സൂപ്പർവൈസർ പ്രഫ. ഫാദ്യെ അൽ ഫയാദ് അഭിപ്രായപ്പെട്ടു. ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തെ പരിസ്ഥിതി സുസ്ഥിര സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ജുബൈൽ ആഗോള മാതൃകയായി മാറിയെന്നും പാരിസ്ഥിതിക വികസനത്തെ പിന്തുണക്കുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്ന നൂതന വിദ്യാഭ്യാസ നഗരങ്ങൾ വികസിപ്പിക്കാനുള്ള റോയൽ കമീഷന്റെ കാഴ്ചപ്പാടാണ് ഈ സമ്മേളനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുനെസ്കോയുടെ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റിയിൽ ജുബൈൽ, യാംബു വ്യവസായിക നഗരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത് സമ്മേളനത്തിന് കൂടുതൽ മികവ് നൽകുന്നതോടൊപ്പം ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കാനും ഇരുനഗരങ്ങൾക്കും സുസ്ഥിര വികസനം കൈവരിക്കാനുമാണ്. ഈ മാറ്റത്തിൽ വിദ്യാഭ്യാസത്തിെൻറ പങ്ക് വർധിപ്പിക്കുന്നതിനുമുള്ള റോയൽ കമീഷന്റെ മാതൃകാപരമായ പരിശ്രമങ്ങളെയും അദ്ദേഹം ശ്ലാഘിച്ചു.
സാം അതുൽ (ഉഗാണ്ട), മദലിന ചിയോസ (റൊമാനിയ), കിച്ചി ഒയാസു (എജുക്കേഷൻ കോഓപ്പറേഷൻ ഡിപ്പാർട്മെന്റ് - ഏഷ്യപസിഫിക്-യുനെസ്കോ), ഡോ. ക്രിസ്ത്യൻ എഡ്യുർഡോ(ഇക്വഡോർ), ആതിഫ് അൽ അബ്ദുൽറസാഖ് (ഇറാഖ്), ഡു വാൻ ട്രൂ (വിയറ്റ്നാം), ക്വൻ-സിക് കാങ് (റിപ്പബ്ലിക്ക് ഓഫ് കൊറിയ), കോളിൻ പിലായ് (സൗത്ത് ആഫ്രിക്ക) തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ സെമിനാറുകളിലും മറ്റു സെഷനുകളിലുമായി പങ്കെടുക്കുന്നുണ്ട്. പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് കാലാവസ്ഥാ വ്യതിയാനങ്ങളെ അഭിമുഖീകരിക്കുന്നതിൽ നഗരങ്ങളുടെ പങ്കിനെ കുറിച്ചും സമ്മേളനത്തിൽ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.