ജുബൈൽ: ആയോധനകല അഭ്യസിപ്പിക്കുന്നതിനും മർമചികിത്സക്കും ജുബൈലിൽ എല്ലാവരാലും അറിയപ്പെട്ടിരുന്ന മലപ്പുറം സ്വദേശിയുടെ വിയോഗം അവിശ്വസനീയം. കാൽനൂറ്റാണ്ടിലേറെ ജുബൈൽ കേന്ദ്രീകരിച്ച് കളരി, കരാേട്ട ക്ലാസുകളും മർമചികിത്സയും നടത്തിയിരുന്ന മലപ്പുറം മഞ്ചേരി അച്ചിപ്പിലാക്കൽ പരേതനായ പുത്തൻപുരക്കൽ അലവിയുടെ മകൻ ഷൗക്കത്തലിയുടെ (60) മരണമാണ് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സങ്കടവാർത്തയായത്. കോവിഡ് ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 25 വർഷത്തോളം ജുബൈലിൽ കളരി– കരാേട്ട പരിശീലനത്തിനും മർമചികിത്സക്കുമായി ഉഴിഞ്ഞുവെച്ചതായിരുന്നു ഷൗക്കത്തിെൻറ ജീവിതം.
വി.കെ. മാധവ പണിക്കരുടെ ശിക്ഷണത്തിൽ കളരിയും അമേരിക്ക ആസ്ഥാനമായുള്ള 'വോമ'യിൽനിന്ന് ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ജപ്പാനിലെ 'വേൾഡ് ഓർഗനൈസേഷൻ ഓഫ് മാർഷൽ ആർട്സ്' ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് ഇരുപതോളം പുരസ്കാരങ്ങൾ ഷൗക്കത്തിനെ തേടിയെത്തി. 1992ൽ ഉപജീവനം തേടി ജുബൈലിൽ എത്തിയ ഷൗക്കത്ത് രണ്ടു വർഷത്തോളം വിവിധ ജോലികൾ ചെയ്തശേഷമാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്.
പല പ്രായത്തിലും വിവിധ രാജ്യങ്ങളിൽനിന്നുമുള്ള ധാരാളം പേർ അഭ്യാസം പഠിക്കാനും ചികിത്സക്കുമായി ഷൗക്കത്തിെൻറ അരികിലെത്തി. '84ൽ കേരളത്തിൽ നടന്ന കണ്ണുകെട്ടി വടിവീശൽ മത്സരത്തിൽ സ്േറ്ററ്റ് ചാമ്പ്യൻപട്ടം നേടിയിരുന്നു. '95ൽ സൗദിയിൽ നടന്ന കണ്ണുകെട്ടി വടിവീശൽ മത്സരത്തിൽ സ്ഥിരം വിജയി ആയിരുന്ന ഫിലിപ്പീൻസ് സ്വദേശിയെ തോൽപിച്ച് ഒന്നാം സ്ഥാനം നേടിയതോടെ എല്ലാവരാലും അറിയപ്പെടാൻ തടുങ്ങി. കായികാഭ്യാസത്തിെൻറ ഒരു ഘട്ടം കഴിഞ്ഞതോടെ മർമചികിത്സയായിരുന്നു ഷൗക്കത്തിെൻറ പ്രധാന ജോലിയും വരുമാനവും. സൗദിയുടെ വിവിധ മേഖലകളിൽനിന്നും മർമചികിത്സതേടി ഉന്നതരടക്കം എത്തിയിരുന്നു. ഡോ. ഷൗക്കത്തലി എന്നാണ് സൗദികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.
ചെലവേറിയതും ക്ലേശകരമായിരുന്നിട്ടും നാട്ടിൽനിന്നുള്ള ആയുർവേദ മരുന്നുകൾ ഇവിടെ എത്തിച്ചായിരുന്നു ചികിത്സ. ഒടിവ്, ചതവ്, ഉളുക്ക്, തീരാത്ത നടുവേദന എന്നിവക്ക് ചികിത്സ നൽകുന്നത് കൂടാതെ തളർന്നുകിടക്കുകയും വീൽ ചെയറിലാവുകയും ചെയ്ത നിരവധി ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നിട്ടുണ്ട് ഷൗക്കത്ത്. ധനിക ദരിദ്ര ഭേദമന്യേ തേടിയെത്തുന്ന രോഗികളെല്ലാം ഷൗക്കത്തിെൻറ മനുഷ്യസ്നേഹവും കൈപ്പുണ്യവും അനുഭവിച്ചു.
ഏതുസമയത്തും കടന്നുവരുന്ന രോഗികൾക്കായി അദ്ദേഹം വാതിൽ തുറന്നുവെച്ചു. അതുകൊണ്ടുതന്നെ ഉന്നതങ്ങളിലുള്ളവരിലും സാധാരണക്കാരിലുമായി വലിയൊരു സൗഹൃദ വലയത്തിനുടമയുമായിരുന്നു ഷൗക്കത്ത്. 2017ൽ നാട്ടിലേക്ക് പോയി എങ്കിലും സൗദിയിലെ സൗഹൃദങ്ങൾ എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. ഷൗക്കത്ത് നാട്ടിലേക്ക് മടങ്ങിയശേഷം മകൻ അനീഷാണ് അദ്ദേഹത്തിെൻറ കാര്യങ്ങൾ ഇവിടെ തുടർന്നുകൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.