യാംബു: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റിയാദ്, മക്ക, മദീന, തബൂക്ക്, കിഴക്കൻ പ്രവിശ്യ, അസീർ, അൽ ബാഹ, ജീസാൻ തുടങ്ങിയ പ്രദേശങ്ങളിലാണ് കടുത്ത ചൂടും കാറ്റും പ്രതീക്ഷിക്കുന്നത്. തബൂക്ക്, അൽ വാജ്, ഉംലജ് തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ മൂടൽ മഞ്ഞിനും കാർമേഘങ്ങൾക്കുമാണ് സാധ്യത.
മക്ക മേഖലയിൽ ചൂട് 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അൽ ലൈത്ത്, അൽ ജുമൂം എന്നീ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാക്ഷ്യം വഹിക്കും. റിയാദ് മേഖലയിലും ചൂട് 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന സൂചനയാണ് കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.
അൽ അഫ്ലാജ്, അൽ ഖർജ്, അൽ സുലൈം, മജ്മഅ, റൂമ തുടങ്ങിയ പ്രദേശങ്ങളിലും ചൂട് ശക്തിപ്പെടും. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലും ചൂട് 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
അൽ അഹ്സ, അൽ അദീദ്, അബ്ഖൈഖ്, ജുബൈൽ, അൽ ഖോബാർ, ദമ്മാം, ദഹ്റാൻ, ഖത്വീഫ്, റാസ് തനൂറ, ഖഫ്ജി, നാരിയ, ഹഫർ അൽ ബാത്വിൻ, ഉലയ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ചൂട് കനക്കുമെന്ന സൂചനയുണ്ട്. മദീനയിലെ ചില ഭാഗങ്ങളിൽ ഉയർന്ന പൊടിപടലമുണ്ടാവും.
ദൂര ദൃഷ്ടി കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഹനാഖിയ, ദാഖൽ മഹ്ദ്, അൽ റൈസ്, യാംബു, വാദി അൽഫറ, അൽഉല, അൽ ഐസ്, ഖൈബർ എന്നീ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതായി കേന്ദ്രം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അസീർ പ്രവിശ്യയിലെ അൽ മജർദ, ബാരിഖ്, റിജാൽ അൽമഅ, മഹായിൽ, അൽ നമസ്, ബൽഖറൻ, തനൂമ എന്നിവിടങ്ങളിലും ജീസാനിലും നേരിയ മഴയും അൽ ബറാക്കിലും ഖഹ്മയിലും ശക്തമായ കാറ്റുമുണ്ടാവും. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ ചൂടിന് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാനും ആരോഗ്യസുരക്ഷാ നടപടികൾ കൈക്കൊള്ളാനും കാലാവസ്ഥാ വിദഗ്ദ്ധരും ആരോഗ്യ മേഖലയിലെ സന്നദ്ധ പ്രവർത്തകരും മുന്നറിയിപ്പ് നൽകി.
കടുത്ത ചൂട് ആരോഗ്യ വെല്ലുവിളി നടത്തുന്ന സാഹര്യത്തിൽ ജീവിത ശൈലി മാറ്റേണ്ടതിന്റെ അനിവാര്യത ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടി. കടുത്ത ചൂടുള്ള കാലാവസ്ഥയിൽ കായിക വിനോദ പരിപാടികൾ കുറക്കണമെന്നും കൊഴുപ്പുള്ള ഭക്ഷണങ്ങളും അമിതാഹാരവും ഒഴിവാക്കണമെന്നും നിർദേശം നൽകി.
കടുത്ത ഉഷ്ണമുള്ള സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ മുൻകരുതലെടുക്കണമെന്നും ചൂടുപിടിച്ചാൽ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
രാജ്യം അത്യുഷ്ണത്തിലേക്ക് കടന്നതോടെ വൈദ്യുതാഘാത കേസുകളും തീപിടിത്ത സംഭവങ്ങളും ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ അഗ്നിശമന സേനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.