താമസത്തിനും യാത്രക്കും സഹായം നൽകിയാൽ പിഴ 10 ലക്ഷം റിയാൽ
നൗഫൽ പാലക്കാടൻ
റിയാദ്: നിയമലംഘകരെ കണ്ടെത്താൻ രാജ്യത്ത് പരിശോധന കടുപ്പിച്ചു. അതിർത്തി നിയമം ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവരും കാലാവധിയില്ലാത്ത ഇഖാമയുള്ളവരെയും (താമസ രേഖ) കണ്ടെത്താനാണ് പരിശോധന.
നിരത്തുകളിലും നഗരത്തിലും സ്ഥാപനങ്ങളിലും അതിർത്തികളിലും പരിശോധന തുടരുന്നുണ്ട്. താമസം, തൊഴിൽ, അതിർത്തി സുരക്ഷ തുടങ്ങി വിവിധ നിയമം ലംഘിച്ചതിന് ഒരാഴ്ചക്കിടെ 10,606 പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 20 മുതൽ 26 വരെ, താമസ നിയമങ്ങൾ ലംഘിച്ചതിന് 5,620 പേരെയും അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,825 പേരെയും തൊഴിൽ സംബന്ധമായ നിയമലംഘനത്തിന് 1,161 പേരെയും അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,087 പേരിൽ 25 ശതമാനം യമനികളും 74 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമം ലംഘിച്ച് അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 29 പേരും അറസ്റ്റിലായി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 10 പേരെ കസ്റ്റഡിയിലെടുത്തു.
നിയമം ലംഘിച്ച് അതിർത്തി കടക്കാൻ ഏതെങ്കിലും രീതിയിൽ സഹായം ചെയ്യുകയോ രാജ്യത്തുള്ള നിയമ ലംഘകർക്ക് വാഹന സൗകര്യമോ പാർപ്പിട സൗകര്യമോ നൽകി സഹായിക്കുകയോ ചെയ്താൽ പരമാവധി 15 വർഷം വരെ തടവോ പത്ത് ലക്ഷം റിയാൽ (2.2 കോടി രൂപ) വരെ പിഴയോ നൽകി ശിക്ഷിക്കും.
സഹായത്തിന് നൽകിയ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ക്രയവിക്രയം ചെയ്യുന്നതും ഉപയോഗിക്കുന്നതും പരിശോധന സംഘം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.സാമൂഹിക, സാമ്പത്തിക ആരോഗ്യ സുരക്ഷക്ക് ഭീഷണിയാകുന്ന മയക്കുമരുന്ന് ഇടപാടിൽപെടുന്ന കുറ്റവാളികളെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കാൻ വിവിധ ഭാഷകളിൽ സുരക്ഷ സേന ബ്രോഷറുകൾ പുറത്തിറക്കി.
സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് മേഖലകളിൽ 911 എന്ന ടോൾ ഫ്രീ നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും വിവരം അറിയിക്കണമെന്ന് രാജ്യ സുരക്ഷ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.