ജീസാൻ: ചൊവ്വാഴ്ച പകൽ ജീസാൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ് ആഞ്ഞുവീശിയതായി റിപ്പോർട്ട്. വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരാൻ സാധ്യതയുള്ളതായും ആരോഗ്യ സുരക്ഷ മുൻകരുതൽ സ്വീകരിക്കാനും പ്രദേശ വാസികളോട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവിൽ ഡിഫൻസ് അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
വിവിധ മേഖലകളിൽ ദൂര കാഴ്ച കുറഞ്ഞതിനാൽ റോഡുകളിൽ വാഹനങ്ങൾ വേഗത കുറച്ചാണ് സഞ്ചരിച്ചത്. പൊടിപടലങ്ങളും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും തടയാൻ എല്ലാവരോടും കൂടുതൽ ശ്രദ്ധ പാലിക്കാൻ അധികൃതർ നിർദേശം നൽകി. ജീസാൻ മേഖലയിൽ കാലാവസ്ഥാ വ്യതിയാനം മൂലം കാറ്റും പൊടിയും ഉയരുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി നേരത്തെ സൂചന നൽകിയിരുന്നു.
ജീസാൻ നഗരത്തിലും ഫറസാൻ ദ്വീപുകളിലും ബെയ്ഷ്, ദർബ്, ഹർസ്, അൽഹാരിദ, അൽഅർദ, അൽദായർ, അയ്ദാബി, ഹറൂബ്, ഫിഫ, ദാമദ്, സബ്യ, അബു ആരിഷ്, ഉഹുദ് അൽ മുസാരിഹ, സ്വാമിത, തുവാൽ, തീരപ്രദേശങ്ങൾ, ഹൈവേകൾ എന്നിവയുൾപ്പെടെ വിവിധ ഭാഗങ്ങളിലും നല്ല പൊടിക്കാറ്റ് അനുഭവപ്പെട്ടതായി കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.