ജിദ്ദ: ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സൗദിയിൽനിന്നുള്ള ദുരിതാശ്വാസ സേവന സന്നദ്ധസംഘത്തെ വഹിച്ചുകൊണ്ടുള്ള നാലാമത്തെയും അഞ്ചാമത്തെയും ദുരിതാശ്വാസ വിമാനങ്ങൾ റിയാദിൽനിന്നു പുറപ്പെട്ടു.
സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശാനുസരണം എല്ലാ സജ്ജീകരണങ്ങളോടുംകൂടി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിൽനിന്നുള്ള സൗദി സെർച്ച് ആൻഡ് റെസ്ക്യൂ ടീം, സൗദി റെഡ് ക്രസൻറ് അതോറിറ്റിയുടെ മെഡിക്കൽ ടീം, എല്ലാ സ്പെഷാലിറ്റികളും ഉൾപ്പെട്ട സന്നദ്ധ ഫീൽഡ് ടീമുകൾ എന്നീ സംഘങ്ങളാണ് യാത്രതിരിച്ചത്. ദുരന്തസ്ഥലത്ത് ഉപയോഗിക്കാനാവശ്യമായ സംവിധാനങ്ങൾ, ഉപകരണങ്ങൾ, പമ്പുകൾ, മരുന്നുകൾ, സാങ്കേതിക ഉപകരണങ്ങൾ മുതലായവ സംഘത്തോടൊപ്പം അയച്ചിട്ടുണ്ട്. അത് മുഖേന ടീമിന് പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾക്കനുസൃതമായി പ്രവർത്തിക്കാൻ കഴിയും.
ഭൂകമ്പത്തിന്റെ സ്വഭാവം കണക്കിലെടുത്ത്, മികച്ച രീതിയിൽ ദുരിതാശ്വാസപ്രവർത്തനം കൈകാര്യം ചെയ്യുന്നതിനും ഭൂകമ്പത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെയും ദുരിതബാധിതരുടെയും രക്ഷാപ്രവർത്തനങ്ങളിലും കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിലിലും സംഘത്തിന് സംഭാവന നൽകാൻ കഴിയും. തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കിങ് സൽമാൻ സെൻറർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ ആക്ഷൻ നടത്തുന്ന സൗദി റിലീഫ് ബ്രിഡ്ജിന്റെ കീഴിലാണ് സംഘം ഉൾപ്പെടുന്നത്.
ഭൂകമ്പ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്ന സൗദിയുടെ ആദ്യ കാർഗോ വിമാനം വ്യാഴാഴ്ച തുർക്കിയയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.