ജിദ്ദ: കണ്ണൂർ വിമാനത്താവളത്തിന്റെ ഇന്നത്തെ ദയനീയാവസ്ഥക്കുള്ള പല കാരണങ്ങളിൽ പ്രധാനം വിമാനക്കമ്പനികളുടെ കെടുകാര്യസ്ഥതയാണെന്ന് പ്രവാസികൾ. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് ഉയർന്ന ടിക്കറ്റ് നിരക്കുകളാണ് ഈടാക്കുന്നത്. ഇക്കാരണത്താൽ അധിക പേരും യാത്രക്കായി മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു. അതിനാൽ കണ്ണൂരിൽ നിന്നുള്ള വിവിധ ഗൾഫ് സർവീസുകളിൽ യാത്രക്കാർ വളരെ കുറവാണ്. സീറ്റുകൾ കാലിയായി പറന്നാലും ഉയർന്ന ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാനകമ്പനികൾ തയാറാവാത്തതെന്തുകൊണ്ടാണെന്നാണ് പ്രവാസികളുടെ ചോദ്യം.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു യാത്രക്കാർ. 28,000 മുതൽ 38,000 രൂപ വരെയാണ് ഈ സർവീസിൽ ടിക്കറ്റിന് ഈടാക്കിയിരുന്നത്. ഈ വിമാനത്തിൽ യാത്ര ചെയ്ത കണ്ണൂർ സ്വദേശിയും യാംബുവിൽ സാമൂഹിക, സന്നദ്ധ പ്രവർത്തകനുമായ നാസർ നടുവിൽ എയർ ഇന്ത്യ പ്രവാസികളോട് പുലർത്തുന്ന അവഗണന സൂചിപ്പിച്ച് പകർത്തിയ വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് 20,000 രൂപയിൽ താഴെ നിരക്ക് മാത്രം ടിക്കറ്റിന് ഈടാക്കുമ്പോഴാണ് കണ്ണൂരിൽ നിന്ന് അമിത നിരക്കെന്ന് അദ്ദേഹം പറയുന്നു.
കണ്ണൂരിൽനിന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്‌പ്രസിൽ ജിദ്ദയിലേക്ക് യാത്ര ചെയ്യാൻ ട്രാവൽസ് വഴി ടിക്കറ്റ് ചാർജ് അന്വേഷിച്ചപ്പോൾ 30,000 രൂപ ആകുമെന്ന് അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് 13,000 രൂപ മാത്രം മതിയായിരുന്നെന്നും ജിദ്ദ പ്രവാസിയായ സിദ്ധീഖ് കണ്ണൂർ 'ഗൾഫ് മാധ്യമ' ത്തോട് പറഞ്ഞു. കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജിദ്ദയിലേക്ക് ആളില്ലാതെ പറക്കുമ്പോഴും ടിക്കറ്റ് അന്വേഷിക്കുന്നവർക്ക് ബുക്കിങ് പൂർത്തിയായി എന്ന സ്ഥിരം മൊഴിയാണ് പലപ്പോഴും ലഭിക്കാറുള്ളതെന്നും യാത്രക്കാർ പറയുന്നു. വൻ സംഖ്യ ഈടാക്കി ടിക്കറ്റ് വാങ്ങിപ്പിക്കാനുള്ള കുതന്ത്രമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പയറ്റുന്നതെന്നും ഇക്കാരണത്താൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടും ഒഴിഞ്ഞ സീറ്റുകളുമായി വിമാനക്കമ്പനി സർവീസുകൾ നടത്തി നഷ്ടം വിളിച്ചുവരുത്തുന്നത് എന്തിനാണെന്നുമാണ് പ്രവാസികൾ ചോദിക്കുന്നത്.
എയർ ഇന്ത്യയുടെ കെടുകാര്യസ്ഥതയിൽ നാട്ടിലും പ്രവാസ ലോകത്തും വ്യാപക പ്രതിഷേധമുണ്ട്. കണ്ണൂരിൽ നിന്നുള്ള വിമാന സർവീസുകളുടെ കുറവ് വിമാനത്താവള വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇത് വിമാനത്താവളത്തിന്റെ ചിറകൊടിക്കാൻ തന്നെ കരണമാവുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.