റിയാദ്: സർവരാജ്യ തൊഴിലാളി ദിനാചരണത്തിന്റെ വേളയിൽ വീട്ടമ്മമാരുടെ അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ വീട്ടമ്മമാർക്കുള്ള വേതനം നടപ്പിലാക്കാൻ മുൻകൈ എടുക്കണമെന്നും റിയാദിലെ കേളി കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ് ആവശ്യപ്പെട്ടു. കേളി സംഘടിപ്പിച്ച മേയ് ഒന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു . ഇന്ത്യയുടെ 18 ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലാണ് ഈ വർഷത്തെ മേയ് ദിനം കടന്നുവരുന്നത്. രാജ്യത്തെ തൊഴിലാളി സമൂഹം നാളിതുവരെ നേരിട്ടില്ലാത്തത്ര ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. തൊഴിൽ നിയമങ്ങൾ എല്ലാം തന്നെ പൊളിച്ചെഴുതി മുതലാളിത്ത അനുകൂല നിലപാടാണ് നിലവിലെ ഭരണകൂടം നടത്തിവരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇത്തരത്തിൽ തൊഴിലാളികളെയും സാധാരണക്കാരേയും ബാധിക്കുന്ന വിഷയങ്ങൾ മുഖവിലക്കെടുക്കാതെ വർഗീയ ധ്രുവീകരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് വലതുപക്ഷ കക്ഷികൾ പ്രചാരണം നടത്തുന്നതെന്നും അനുസ്മരണത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.
കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിലായിരുന്നു തൊഴിലാളി ദിന അനുസ്മരണം സംഘടിപ്പിച്ചത്. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേനത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ബെഫി അഖിലേന്ത്യ മുൻ പ്രസിഡന്റ് എ.കെ രമേഷ് ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, കേന്ദ്രകമ്മറ്റി അംഗവും മീഡിയാ വിങ് ചെയർമാനുമായ പ്രദീപ് ആറ്റിങ്ങൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. 'സംസ്കാരത്തിന്റെ നാളങ്ങൾ' എന്ന വയലാർ കവിത കേന്ദ്രകമ്മിറ്റി അംഗം സതീഷ് കുമാർ ആലപിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.