ജിദ്ദ: ജിസാനിലെ പെട്രോൾ വിതരണ കേന്ദ്രത്തിനു നേരെ ഷെല്ലാക്രമണമുണ്ടായതായി സൗദി ഊർജ്ജ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ആക്രമണത്തിന്റെ ഫലമായി സ്റ്റേഷനിലെ ഒരു ടാങ്കിൽ തീ പടർന്നു. ആർക്കും പരിക്കുകളോ ജീവഹാനിയോ ഇല്ലെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സുപ്രധാന സ്ഥാപനങ്ങൾക്ക് നേരയുള്ള ഭീരുത്വം നിറഞ്ഞ അട്ടിമറി ആക്രമണമത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത് രാജ്യത്തെ മാത്രമല്ല, പെട്രോൾ കയറ്റുമതിയുടെ സുരക്ഷ, അന്താരാഷ്ട്ര ഊർജ്ജ വിതരണത്തിന്റെ സ്ഥിരത, സ്വാതന്ത്ര്യം എന്നിവ ലക്ഷ്യമിട്ടുള്ളതാണ്. കൂടാതെ ആഗോള വ്യാപാരത്തെയും സമ്പദ് വ്യവസ്ഥത്തെയും കടൽ യാത്രകളെയും ബാധിക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
യമൻ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരം കാണാനും വെടിനിർത്തലിനുമുള്ള ശ്രമത്തിനിടയിലാണ് വീണ്ടും ഹൂതികളുടെ ഡ്രോൺ, മിസൈൽ, ഷൈൽ ആക്രമണ ശ്രമമുണ്ടായിരിക്കുന്നത്കഴിഞ്ഞാഴ്ചയാണ് യമൻ സമാധാന പദ്ധതി സൗദി അറേബ്യ പ്രഖ്യാപിച്ചത്. സൗദിയിലെ ജിസാൻ, നജ്റാൻ, ഖമീസ് മുശൈത്ത് എന്നീ സ്ഥലങ്ങളെ ലക്ഷ്യമിട്ട് എട്ടോളം ഡ്രോൺ, മിസൈലുകളാണ് വ്യാഴാഴ്ച ഹൂതികൾ സൗദിക്ക് നേരെ അയച്ചത്. ഇവയെല്ലാം തടുത്ത് തകർത്തതായി സംഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ജിസാൻ, നജ്റാൻ യൂനിവേഴ്സിറ്റികളെയും ഹൂതികൾ ലക്ഷ്യമിട്ടതായി അദ്ദേഹം പറഞ്ഞു.
ജിസാനിലെ പെട്രോൾ വിതരണ കേന്ദ്രത്തിനു നേരെയുള്ള ആക്രമണം ഹൂതികൾ സമാധാന പദ്ധതിയെ നിരസിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഹൂതികളുടെ തീരുമാനങ്ങളിലെ ഇറാനിയൻ പിന്തുണ വ്യക്തമാക്കുന്നതാണിത്. ആഗോള സമ്പദ് വ്യവസ്ഥ, സമുദ്ര യാത്ര, ആഗോള വ്യപാരം, പെട്രോൾ കയറ്റുമതി സുരക്ഷ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം. രാജ്യത്തെ ജനങ്ങളെയും സ്ഥാപനങ്ങളെയും നേട്ടങ്ങളെയും സംരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജിസാനിലെ പെട്രോൾ വിതരണ കേന്ദ്രത്തേയും നജ്റാൻ, ജിസാൻ യൂനിവേഴ്സിറ്റികളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണ ശ്രമണത്തെ വിവിധ രാജ്യങ്ങളും ഒ.ഐ.സി, മുസ്ലിം വേൾഡ് ലീഗ് തുടങ്ങിയ വേദികളും അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.