ജിദ്ദ: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ഭീകരാക്രമണം. വിമാനത്താവളം ലക്ഷ്യമിട്ടു ഹൂതികൾ നടത്തിയ ആക്രമണത്തിൽ നിർത്തിയിട്ട സിവിലിയൻ വിമാനത്തിനു തീപിടിച്ചു. പിന്നീട് തീ നിയന്ത്രണവിധേയമാക്കിയതായും സഖ്യസേന അറിയിച്ചു. ബുധനാഴ്ചയാണ് അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഭീകരരുടെ ആക്രമണമുണ്ടായത്. വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്നും സിവിലിയന്മാരായ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്നും സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
സിവിലിയന്മാരെയും അവരുടെ വസ്തുക്കളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ തങ്ങൾ സ്വീകരിക്കും. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരമുള്ള നടപടികൾ ഹൂതികൾക്കെതിയുണ്ടാകുമെന്നും സംഖ്യസേന വക്താവ് പറഞ്ഞു. സൗദിയുടെ തെക്കൻ മേഖലയെ ലക്ഷ്യമിട്ട് ഹൂതികൾ ആയുധങ്ങൾ ഘടിപ്പിച്ച രണ്ട് ഡ്രോൺ വിമാനങ്ങൾ അയച്ചെന്നും അവ തടുത്തു തകർത്തെന്നും വക്താവ് പറഞ്ഞു.
അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ഭീകരാക്രമണത്തെ അറബ് പാർലമെൻറ് പ്രസിഡൻറ് ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമി അപലപിച്ചു. വളരെ നിന്ദ്യമാണ് ഭീകരരുടെ ആക്രമണം. സൗദി അറേബ്യ ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകൾ നശിപ്പിച്ചതായ പ്രഖ്യാപനത്തിനു തൊട്ട് പിന്നാലെയാണ് നിന്ദ്യമായ ഭീകരാക്രമണമുണ്ടായതെന്നും അറബ് പാർലമെൻറ് പ്രസിഡൻറ് പറഞ്ഞു. ഹൂതികളുടെ തീവ്രവാദ സ്വഭാവം സ്ഥിരീകരിക്കുന്നതാണിത്. സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണം യുദ്ധകുറ്റമാണ്. സ്വദേശികളും താമസക്കാരുമടക്കം നിരവധി പേർ യാത്രക്ക് ഉപയോഗിക്കുന്നതാണ് അബഹ വിമാനത്തതാവളം. ഭീകരരായ ഹൂതികൾക്കും അവർക്ക് പിന്തുണയും ധനസഹായവും നൽകുന്ന ഇറാനുമെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യമൻ ഇൻഫർമേഷൻ മന്ത്രി മുഅ്മർ അൽഎറിയാനിയും ഹൂതികളുടെ ആക്രമണത്തെ അപലപിച്ചു. വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം സമ്പൂർണ യുദ്ധക്കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. അബഹ വിമാനത്താവളത്തിനു നേരെ ഹൂതികൾ നടത്തിയ ഭീകരാക്രമണം ഭീരുത്വം നിറഞ്ഞതും സിവിലിയന്മാരുടെ ജീവൻ അപകടത്തിലാക്കുന്ന യുദ്ധക്കുറ്റവുമാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുഹമ്മദ് അൽഹജ്റഫ് പറഞ്ഞു. വിമാനത്തിലെ തീ നിയന്ത്രിക്കുന്നതിൽ സൗദിയുടെ നേതൃത്തത്തിലുള്ള സംഖ്യസേനയുടെ ജാഗ്രതയും കാര്യക്ഷമതയും അദ്ദേഹം പ്രശംസിച്ചു. ജി.സി.സിയുടെ െഎക്യദാർഢ്യവും പിന്തുണയും സൗദി അറേബ്യക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.