ഒരാൾക്കു ചുറ്റം ആൾക്കൂട്ടം രൂപപ്പെടുകയും അവരുടെ മുഖങ്ങളിൽ പുഞ്ചിരി വിടരുകയും ചെയ്താൽ ഉറപ്പിക്കാം ആ ഒരാൾ ഉമ്മൻ ചാണ്ടി എന്ന പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് തന്നെയാകുമതെന്ന്. ഉപാധികളില്ലാതെ സ്നേഹിക്കാൻ മാത്രം അറിയുന്ന അദ്ദേഹം മാനവിക രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങളെ ഏറ്റവും അടുത്തുനിന്ന് കേൾക്കാൻ ഇഷ്ടപ്പെടുകയും അതിനായി വിശ്രമമില്ലാതെ ഒപ്പം നിൽക്കാൻ മനസ്സുകാണിക്കുകയും ചെയ്ത പൊതുപ്രവർത്തകരിലെ വേറിട്ട സാന്നിധ്യം.
അകറ്റിയോ ആട്ടിപ്പായിച്ചോ ഒരാൾക്കുപോലും മുഖം തിരിച്ചില്ല അദ്ദേഹം. അതായിരുന്നു ഉമ്മൻ ചാണ്ടി. ‘ജനകീയൻ’ എന്ന വാക്കിന്റെ അർഥവും വ്യാപ്തിയും ആ പേര് നിർവചിക്കുമായിരുന്നു എന്നു പറയാം. ജീവിതത്തിന്റെ മുഴുവൻസമയവും ജനക്കൂട്ടത്തിലായിരിക്കാൻ ഇഷ്ടപ്പെട്ട നേതാവ്. ആളും ആരവവും ഒഴിഞ്ഞ് ഉമ്മൻ ചാണ്ടിക്ക് ജീവിതം ഇല്ലായിരുന്നു.
വിശ്രമമില്ലാതെ ജോലി ചെയ്യുകയും തന്നിലേക്ക് എത്തുന്ന ഓരോരുത്തരുടെയും പ്രശ്നങ്ങളെ തീർപ്പാക്കിക്കൊടുത്ത് സ്നേഹത്തോടെ പുഞ്ചിരി സമ്മാനിച്ച് യാത്രയാക്കുകയും ചെയ്യുന്ന ശൈലിയാണ് അദ്ദേഹത്തെ ജനകീയനും 50 വർഷത്തിലേറെ നിയമസാമാജികനുമാക്കി ചരിത്രത്തിൽ ഇടമൊരുക്കിയതും.
പൊതുപ്രവർത്തകർക്ക് മാതൃകയായ ആദ്ദേഹം സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ശിപാർശകൾ ഇല്ലാതെ കടന്നുചെല്ലാൻ കഴിയുന്ന ആശ്രയവും. ഇനി പള്ളിയിലായാലും പൊതുവേദികളിലായാലും കുറഞ്ഞ സൗകര്യങ്ങളിൽ ഉമ്മൻ ചാണ്ടി തൃപ്തനായിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ പള്ളിയുടെ വാതിൽപ്പടിയിൽ ഇരിക്കുന്നതും ഭക്ഷണം വെടിഞ്ഞ് പൊതുവഴികളിലും വേദികളിലും മണിക്കൂറുകൾ ജനസമ്പർക്കത്തിലലിഞ്ഞുചേരുന്നതും നിത്യകാഴ്ചകളായിരുന്നതും. ഒരുപക്ഷേ, ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളോട് നേരിട്ട് സംസാരിച്ച ഭരണാധികാരികളിലൊരാൾ സാക്ഷാൽ ഉമ്മൻ ചാണ്ടിയായിരിക്കും.
ആത്മാർഥതയും സത്യസന്ധതയും പൊതുജീവിതത്തിൽ ഉയർത്തിപ്പിടിച്ച ഉമ്മൻ ചാണ്ടിയുടെ വേർപാട് കേരളത്തിന്റെ രാഷ്ട്രീയ പൊതുജീവിതത്തിൽ അതുകൊണ്ടുതന്നെയാണ് തീരാനഷ്ടമാകുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.