ജിദ്ദ: സൗദി അറേബ്യയുടെ മാനവവിഭവശേഷി മന്ത്രാലയം കൊറിയൻ തൊഴിൽ മന്ത്രാലയവുമായി ധാരണപത്രം ഒപ്പുവെച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽരാജ്ഹിയും കൊറിയൻ തൊഴിൽ മന്ത്രി ലീ ജോങ് സിക്കും ഇന്ത്യയിലെ ഇന്ദോറിൽ നടന്ന ജി 20 തൊഴിൽ മന്ത്രിമാരുടെ യോഗത്തിലാണ് ധാരണപത്രം ഒപ്പിട്ടത്. തൊഴിലും അതുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പരിജ്ഞാനവും കൈമാറുന്നതിനും സഹകരിക്കുന്നതിനുമാണ് ഇരു സൗഹൃദ രാജ്യങ്ങളും ധാരണപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ലോകരാജ്യങ്ങളിലെ മന്ത്രാലയങ്ങളുമായി അന്താരാഷ്ട്ര ബന്ധം കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ഒപ്പിടുന്നതിനു മുമ്പ് നടത്തിയ കൂടിക്കാഴ്ചയിൽ പൊതുവായ ലക്ഷ്യങ്ങളും താൽപര്യങ്ങളും കൈവരിക്കുന്നതിന് ഉഭയകക്ഷി സാങ്കേതിക സഹകരണത്തിന്റെ എല്ലാ വശങ്ങളും ഇരുമന്ത്രിമാരും ചർച്ച ചെയ്തു. പൊതുവായ ആശങ്കയുള്ളതും ഏറ്റവും പ്രധാനപ്പെട്ടതുമായ വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ തന്ത്രപരമായ ബന്ധങ്ങളും അവലോകനം ചെയ്തു. ഭാവി സഹകരണത്തിന്റെ തുടർച്ചയും ശക്തിപ്പെടുത്തലും ഇരുവരും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.