റിയാദ്: പ്രിയ നേതാവിന്‍റെ വിയോഗത്തിൽ അനുശോചിക്കാനും മയ്യിത്ത് നമസ്കരിക്കാനുമായി പ്രവൃത്തി ദിവസമായിട്ടും റിയാദിലെ മലയാളി സമൂഹത്തിൽ നല്ലൊരു പങ്ക് ബത്ഹയിലേക്ക് ഒഴുകിയെത്തി. അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുശോചന യോഗത്തിനെത്തിയ ജനങ്ങളെ ബത്ഹയിലെ അപ്പൊളോ ഡിമോറ ഹോട്ടലിന് ഉൾക്കൊള്ളാനായില്ല. കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചൈതന്യവത്തായ കർമ സരണിയിലൂടെ ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് അനുശോചിച്ചവർ അഭിപ്രായപ്പെട്ടു. ജാതി, മത, രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ തന്നോട് ചേർത്ത് നിർത്തിയ തങ്ങൾ ദുരിത കാലത്തെല്ലാം വേദനിക്കുന്നവർക്ക് മുമ്പിൽ ആശ്രയമായി നില കൊണ്ടു. റിയാദ് സന്ദർശിച്ച വേളയിലെ അനുഭവങ്ങൾ പങ്കുവെച്ച ഭാരവാഹികൾ തങ്ങളുടെ സൗമ്യമായ പെരുമാറ്റത്തെയും ഇടപ്പെടലുകളെയും എടുത്തു പറഞ്ഞു. തങ്ങളുടെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ് അഷ്റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, കുഞ്ഞി കുമ്പള (ഒ.ഐ.സി.സി), ഷാഫി ദാരിമി (എസ്.ഐ.സി), സുബ്രഹ്മണ്യൻ (കേളി), റഷീദ് (സിജി), റഹ്മത്ത് ഇലാഹി (തനിമ), സനൂപ് പയ്യന്നൂർ (പി.എസ്.വി), അഫ്താബ് റഹ്മാൻ (റിയാദ് മീഡിയാ ഫോറം), ഇബ്രാഹിം സുബ്ഹാൻ, ടി.പി. അഹമ്മദ്, യു.പി. മുസ്തഫ, എസ്.വി. അർഷുൽ അഹമ്മദ്, ഷുഹൈബ് പനങ്ങാങ്ങര, നാസർ ലാൽപ്പേട്ട് (തമിഴ് പേരവൈ) എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഷാഹിദ് മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ദുസലാം തൃക്കരിപ്പൂർ, അബ്ദുറഹ്മാൻ ഫറോക്ക്, ബാവ താനൂർ, സിദ്ദീഖ് കോങ്ങാട്, പി.സി. അലി, മാമുക്കോയ ഒറ്റപ്പാലം, കെ.ടി. അബൂബക്കർ, സിദ്ദീഖ് തൂവ്വൂർ, അബ്ദുൽ മജീദ് പയ്യന്നൂർ, സഫീർ തിരൂർ, നൗഷാദ് ചാക്കീരി എന്നിവർ നേതൃത്വം നൽകി. സുഹൈൽ കൊടുവള്ളി ഖിറാഅത്ത് നടത്തി. മയ്യിത്ത് നമസ്ക്കാരത്തിന് അബൂബക്കർ ഫൈസി വെള്ളിലയും പ്രാർഥനക്ക് ബഷീർ ഫൈസി ചുങ്കത്തറയും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.