ദമ്മാം: മോട്ടോർ വാഹന നിർമിതിയിൽ വൻ കുതിച്ചു ചാട്ടം നടത്താനൊരുങ്ങി സൗദി അരാംകോ. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഉൽപാദനം രാജ്യത്ത് വ്യാപകമാക്കാനുള്ള തയാറെടുപ്പിലാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ. സൗദി അറേബ്യയുടെ ചരിത്രം മാറ്റിക്കുറിച്ച ആദ്യം പെട്രോളിയം കണ്ടെത്തിയ ഭാഗ്യക്കിണറായ ദഹ്റാനിലെ വെൽനമ്പർ ഏഴിന്റെ പേരിൽ രൂപവത്കരിച്ച എൽ.എ.ബി സെവൻ പയനീയർ കമ്പനിയിലാണ് വാഹനം നിർമിക്കുന്നത്. സൗദി അരാംകോ സീനിയർ വൈസ് പ്രസിഡന്റ് അഹമ്മദ് അൽ സാദിയാണ് ഈ വിവരം പുറത്തുവിട്ടത്. ഹൈഡ്രജൻ ഇന്ധനത്തിന്റെ ഉപയോഗം ഗതാഗത മേഖലയിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് വാഹനങ്ങളിൽനിന്നുള്ള മലിനീകരണം കുറക്കുന്നതിന് ഇത് സഹായകമാകും. ആന്തരിക ജ്വലന എൻജിൻ മോഡലുകൾ, കുറഞ്ഞ മലിനീകരണമുള്ള സാങ്കേതികവിദ്യകൾ, കാര്യക്ഷമമായ ഹൈബ്രിഡ് സൊല്യൂഷനുകൾ എന്നിവ വികസിപ്പിക്കുന്നതിന് സൗദി അരാംകോ പ്രമുഖ മോട്ടോർ നിർമാതാക്കളുമായും സാങ്കേതിക ഡെവലപ്പർമാരുമായി കരാറിൽ ഏർപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ജിദ്ദയിൽനിന്ന് ഈ മാസം ഒന്നിന് ആരംഭിച്ച '2022 ഡാക്കർ റാലി' മോട്ടോർ റേസിൽ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രക്കിന്റെ സാന്നിധ്യം സൗദി അരാംകോ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫ്രഞ്ച് ഓട്ടോമോട്ടിവ് സ്റ്റാർട്ടപ്പായ ഗൗസിൻ എസ്.എ നിർമിച്ചതും സൗദി അരാംകോ സ്പോൺസർ ചെയ്യുന്നതുമായ എച്ച് ടു റേസിങ് ട്രക്ക് മത്സരത്തിന്റെ ആദ്യ 12 മൈൽ ഘട്ടം ഒരു പ്രദർശന വാഹനമായി ഓടിച്ചിരുന്നു. ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ സ്പോൺസർ ചെയ്യുന്ന സൗദി അരാംകോയുടെ പദ്ധതിയുടെ ഭാഗമാണിത്. ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ നിലവിൽ ബാറ്ററികളേക്കാൾ ഭാരം കുറഞ്ഞതായതിനാൽ ദീർഘദൂരയാത്രകൾക്ക് ഇത് ഏറ്റവും മെച്ചപ്പെട്ട ഉപാധിയാണ്. സൗദി അറേബ്യയിൽ ഹൈഡ്രജൻ വാഹനങ്ങൾക്ക് ആധുനിക ഉൽപാദനകേന്ദ്രം സ്ഥാപിക്കാൻ ഫ്രഞ്ച് റിന്യൂവബ്ൾ എനർജി ടെക്നോളജി ഭീമനായ ഗൗസിനുമായി സൗദി അരാംകോ ഡിസംബർ ആദ്യവാരമാണ് കരാർ ഒപ്പിട്ടത്. ഗൗസിന്റെ ഹൈഡ്രജൻ-പവർ വാഹനം, റിമോട്ട് കൺട്രോൾഡ്/ഓട്ടോണമസ് ഹൈഡ്രജൻ റേസിങ് ട്രക്ക് എന്നിവയുടെ ഉൽപാദന ഇടമായി അരാംകോയുടെ ദഹ്റാനിലുള്ള കേന്ദ്രം മാറും. ദഹ്റാൻ ആസ്ഥാനമായുള്ള അത്യാധുനിക എൽ.എ.ബി സെവൻ കേന്ദ്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വർക്ക്ഷോപ്പുകൾ ഉണ്ടാകും. തുടക്കത്തിൽ ഉപഭോക്താക്കൾക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാനാണ് ഈ കരുതൽ. 19 കേന്ദ്രങ്ങളിൽ വിദഗ്ധരായ 300ഓളം വിദഗ്ധ തൊഴിലാളികളുടെ സേവനം ഇവിടെ ലഭ്യമാകും. 21-ാം നൂറ്റാണ്ടിലെ ഡിജിറ്റൽ, സാങ്കേതിക സംരംഭകരായ പുതിയ പുതുതലമുറയെ ശാക്തീകരിക്കുകയാണ് എൽ.എ.ബി സെവൻ. സൗദിയുടെ അത്യന്താധുനിക വികസനയാത്രയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള സംരംഭമാണ് അരാകോ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിഷൻ 2030 പൂർത്തിയാകുമ്പോഴേക്കും ഈ രംഗത്ത് വൻ വിപ്ലവം സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.