ദമ്മാം: ദമ്മാമിലെത്തിയ കേരള റവന്യൂ മന്ത്രി കെ. രാജന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ദമ്മാം സെൻട്രൽ കമ്മിറ്റി നിവേദനം നൽകി. ഹർത്താലിന്റെ ഭാഗമായുള്ള ജപ്തി നടപടികളിൽ നിരപരാധികൾ വേട്ടയാടപ്പെടുന്നു എന്നുള്ള ആക്ഷേപം സർക്കാർ മുഖവിലക്കെടുക്കണമെന്നും നടന്നുവരുന്ന ജപ്തി നടപടികളിൽ നീതികേടുണ്ടെന്ന പരാതികൾ സർക്കാർ കേൾക്കാൻ തയാറാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കുറ്റവാളികൾക്ക് പോലും സ്വാഭാവികമായ നീതി ലഭ്യമാകുന്നതാണ് ജനാധിപത്യത്തിന്റെ ശക്തി എന്നിരിക്കെ, ഇത്തരം നടപടികളിലെ പക്ഷപാതിത്വവും അനവധാനതയും നിയമവാഴ്ചയുടെ ലംഘനമാകും എന്നാണ് കരുതേണ്ടത്. ഹർത്താലുകൾ അന്യായമാണ്. അതിന്റെ ഭാഗമായി ഉണ്ടായ അക്രമങ്ങളും നീതീകരിക്കാവുന്നതല്ല. എന്നാൽ, ഹർത്താലിന്റെ പിന്നാലെ നടക്കുന്ന ജപ്തി നടപടിക്രമങ്ങളും അപ്രകാരം അന്യായമായിക്കൂടാ.
നിരപരാധികളുടെ സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യപ്പെടാനുണ്ടായ സാഹചര്യം അധികാരികൾ വ്യക്തമാക്കണമെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചവരിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിൽ കോടതിയും പൊലീസും സ്വീകരിച്ച ശുഷ്കാന്തി ഇത്തരത്തിലുള്ള എല്ലാ ഹർത്താലുകളിലും ഉണ്ടാകേണ്ടതുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.