ജിദ്ദ: ബാബരി മസ്ജിദ് തകർത്ത കേസിൽ 32 പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നീതിന്യായ വ്യവസ്ഥയിൽ അവശേഷിക്കുന്ന പ്രതീക്ഷകളേയും തകർത്തുകളയുന്നതാണെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി വിലയിരുത്തി.
ബാബരി മസ്ജിദ് തകർക്കുന്നതിനുവേണ്ടിയുള്ള ആസൂത്രണം ആർ.എസ്.എസ്സിന്റെ നേതൃത്വത്തിൽ നടത്തുകയും എൽ.കെ. അദ്വാനി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ മുൻകൈയെടുത്ത് ലക്ഷത്തോളം വരുന്ന കർസേവകരെ വിളിച്ചുവരുത്തി ബാബരി മസ്ജിദ് തകർക്കുകയുമാണ് ചെയ്തത്. ഇന്ത്യയിലെ ഹിന്ദുത്വശക്തികൾ തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ പദ്ധതിയെക്കുറിച്ച്ഒ രുതരത്തിലുള്ള ഗൂഢാലോചനയുമില്ലെന്ന കോടതിയുടെ കണ്ടെത്തൽ രാജ്യത്തോടുള്ള അനീതിയാണ്.
കർസേവക്ക് നേതൃത്വം നൽകിയവർ അക്രമത്തിന് മുതിരുന്ന ജനങ്ങളെ തടയുകയും സമാധാനത്തിന് വേണ്ടി പരിശ്രമിക്കുകയുമായിരുന്നുവെന്ന് കോടതി പറയുമ്പോൾ കലാപങ്ങൾക്ക് നേതൃത്വം കൊടുത്ത സംഘ് നേതാക്കൾക്ക് സമാധാനത്തിനുള്ള സമ്മാനംകൂടി കോടതി വിധിക്കേണ്ടതായിരുന്നു. തകർക്കപ്പെട്ട മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്നും മസ്ജിദ് തകർത്തത് കുറ്റകൃത്യമാണെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരിക്കെ വീഡിയോകൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളേയും കാറ്റിൽപറത്തി കുറ്റവാളികളെ വെറുതെവിട്ടതു വഴി ജുഡീഷ്യൽ കർസേവയാണ് കോടതി വിധിയിലൂടെ നടപ്പായിരിക്കുന്നത്.
മസ്ജിദ് പൊളിച്ചവരെ ശിക്ഷിക്കുകയും തൽസ്ഥാനത്ത് ബാബരി പുനർനിർമിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയിൽ നീതി നടപ്പാകുകയുള്ളൂ എന്നും പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.