ജിദ്ദ: യുവസംരംഭകർക്ക് പ്രോത്സാഹനാർഹമായ നല്ലൊരു അന്തരീക്ഷം പ്രദാനം ചെയ്യുംവിധം സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി സംരംഭക വിഷൻ അസോസിയേഷൻ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ അബ്ദുൽ അസീസ് അൽസെയ്ഫ് പറഞ്ഞു. ന്യൂഡൽഹിയിൽ ആരംഭിച്ച ജി20 യുവസംരംഭകത്വ അസോസിയേഷൻ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിഷൻ 2030’ അടിസ്ഥാനമാക്കി രാജ്യത്ത് പദ്ധതികൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് രാജ്യം നിരവധി നേട്ടങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
സൗദി വിപണിയിൽ പ്രവേശിക്കാനോ അവരുടെ സ്ഥാപനങ്ങളുടെ ആസ്ഥാനം അതിലേക്ക് മാറ്റാനോ ആഗ്രഹിക്കുന്നവർക്ക് വലിയ സാധ്യതകളും സൗകര്യങ്ങളും ഉണ്ടെന്നും അൽസെയ്ഫ് പറഞ്ഞു. സംരംഭകത്വ വിഷൻ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനും ജി20ലെ സൗദി യുവസംരംഭകരുടെ യൂനിയൻ പ്രസിഡൻറുമായ അമീർ ഫഹദ് ബിൻ മൻസൂർ ബിൻ നാസർ ബിൻ അബ്ദുൽ അസീസിന്റെ മേൽനോട്ടത്തിലാണ് സൗദി പ്രതിനിധി സംഘം ഉച്ചകോടിയിൽ പെങ്കടുക്കുന്നത്.
ലോകത്തിലെ യുവസംരംഭകരുടെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഒത്തുചേരലുകളിൽ ഒന്നാണിത്. ഉച്ചകോടിക്കിടയിൽ ഭാവി നഗരങ്ങൾക്ക് മാതൃകയായി നിയോം പദ്ധതിയെക്കുറിച്ച് സൗദി പ്രതിനിധികൾ പ്രേക്ഷകർക്ക് ദൃശ്യാവതരണം നൽകി. പ്രതിനിധിസംഘം നിരവധി സെഷനുകളിലും ഉഭയകക്ഷി യോഗങ്ങളിലും പങ്കെടുത്തു. യുവസംരംഭകരെ ശാക്തീകരിക്കുന്നതിലും പങ്കെടുക്കുന്ന പ്രതിനിധികൾ തമ്മിലുള്ള സഹകരണത്തിനുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനും ഫലപ്രദമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും അനുഭവങ്ങൾ കൈമാറുന്നതിനും സഹകരണത്തിന്റെയും സമന്വയത്തിന്റെയും വഴികൾ വികസിപ്പിക്കുന്നതിനുമാണ് ജി20 യുവസംരംഭകരുടെ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.