യാംബു: യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (വൈ.ഐ.എഫ്.എ) കീഴിൽ നടന്നുവരുന്ന അഖില സൗദി സെവൻസ് ഫുട്ബാൾ മത്സരം അവസാന ഘട്ടത്തിലേക്ക്. ആവേശമായി മാറിയ മത്സരത്തിന്റെ സെമിഫൈനൽ കഴിഞ്ഞ ദിവസം അവസാനിച്ചപ്പോൾ മലബാർ എഫ്.സി, എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീമുകൾ ഫൈനലിലെത്തി.
യുനൈറ്റഡ് എഫ്.സി ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ മലബാർ എഫ്.സി ടീമും എതിരില്ലാത്ത മൂന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ കണ്ണൂർ ഫൈറ്റേഴ്സിനെ പരാജയപ്പെടുത്തിയ എച്ച്.എം.ആർ എവർഗ്രീൻ ടീമുകളുമാണ് ഫൈനലിൽ മാറ്റുരക്കുക.
ജൂൺ ഒന്നിന് ആരംഭിച്ച മത്സരത്തിൽ സൗദിയിലെ പ്രമുഖ ഫുട്ബാൾ ക്ലബുകളിലെ ടീമുകളും സന്തോഷ് ട്രോഫിയിൽ ജഴ്സിയണിഞ്ഞ പ്രമുഖ കളിക്കാരടക്കം കളത്തിലിറങ്ങിയിരുന്നു. മത്സരത്തിലെ വിന്നേഴ്സിന് 7,777 റിയാലും റണ്ണേഴ്സിന് 4,444 റിയാലുമാണ് പ്രൈസ് മണി പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ 22ന് വ്യാഴാഴ്ച രാത്രി 12.30ന് യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ യാംബുവിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, കായിക സംഘടനകളുടെ നേതാക്കൾ പങ്കെടുക്കുമെന്നും ഫുട്ബാൾ പ്രേമികളുടെ വമ്പിച്ച സാന്നിധ്യം ഫൈനൽ മത്സരം വീക്ഷിക്കാൻ പ്രതീക്ഷിക്കുന്നതായും വൈ.ഐ.എഫ്.എ ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.